ദേശീയപാതയിൽ കുഴിയടച്ചു തുടങ്ങി

കാഞ്ഞിരപ്പള്ളി∙ ദേശീയപാത 183ൽ പൊൻകുന്നം മുതൽ മുണ്ടക്കയം വരെയുള്ള 20 കിലോമീറ്റർ ഭാഗത്തെ കുഴികൾ അടച്ചുതുടങ്ങി. ടാറിങ് തകർന്നുണ്ടായ വലിയ കുഴികൾ ഷെൽമാക് ഉപയോഗിച്ചാണ് അടയ്ക്കുന്നത്. താൽക്കാലികമായി കുഴിയടയ്ക്കുന്ന റെഡ്മിക്സാണ് ഷെൽമാക്. ബാക്കിയുള്ള കുഴികൾ ഇന്നു മുതൽ ബിറ്റുമിൻ മിക്സ് (ടാർമിശ്രിതം) ഉപയോഗിച്ച് അടച്ചു തുടങ്ങുമെന്നും ദേശീയപാതാ അധികൃതർ അറിയിച്ചു. മഴ മാറിയാൽ ഉടനെ ദേശീയപാതയുടെ വാഴൂർ ചെങ്കൽപള്ളി മുതൽ മുറിഞ്ഞപുഴ വരെയുള്ള 38 കിലോമീറ്റർ ദൂരം പൂർണമായും നവീകരിക്കുന്ന ജോലികൾ ആരംഭിക്കുമെന്നും ദേശീയപാത വിഭാഗം അധികൃതർ അറിയിച്ചു.

ഇതിനായി 35 കോടി രൂപയുടെ പ്രവൃത്തികൾക്ക് ടെൻഡർ നടപടികൾ പൂർത്തിയായി. ഒൻപതു സെന്റിമീറ്റർ ഘനത്തിൽ ഡെൻസ് ബിറ്റുമിൻ മെക്കാഡം ടാറിങ് നടത്തിയാണ് പാത നവീകരിക്കുന്നത്. റോഡിന്റെ വീതി എല്ലായിടത്തും ഏഴു മീറ്ററാക്കി ക്രമീകരിക്കും. നവീകരണത്തിന്റെ ഭാഗമായി എട്ടു കലുങ്കുകൾ നിർമിക്കും. 26–ാം മൈൽ ജംക്‌ഷനും പാറത്തോട് പഞ്ചായത്ത് ഓഫിസിനു സമീപത്തെ പാലവും വീതി കൂട്ടി നവീകരിക്കും. പെരുവന്താനത്ത് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കും.

ഓടകൾ നിർമിച്ച് ടൗണുകളിലും പ്രധാന ജംക്‌ഷനുകളിലും റോഡിന്റെ വശങ്ങളിൽ ടൈൽ പാകും. 10 സ്ഥലങ്ങളിൽ ബസ് ബേകൾ സ്ഥാപിക്കും. ഗതാഗത സുരക്ഷയ്ക്കാവശ്യമായ സെൻട്രൽ ലൈൻ, ക്രാഷ് ബാരിയേഴ്സ്, സ്റ്റഡുകൾ, ഡെലിനേറ്റർ പോസ്റ്റുകൾ എന്നിവയും ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സ്ഥാപിക്കുമെന്നു ദേശീയപാത വിഭാഗം അധികൃതർ അറിയിച്ചു.