ദേശീയപാതയോരത്ത് മാലിന്യം; ഗതാഗതം ദുരിതമാക്കുന്നു

കാഞ്ഞിരപ്പള്ളി ∙ ദേശീയപാതയോരത്തു കാടുകൾ വളർന്ന് ഇവയ്ക്കുള്ളിൽ മാലിന്യങ്ങളും നിറഞ്ഞു. വഴിയരികിൽ വളർന്നു നിൽക്കുന്ന കാടുകളും മാലിന്യക്കൂമ്പാരങ്ങളും ദേശീയപാതയിലെ ഗതാഗതം ദുരിതമാക്കുന്നു. വളവുകളിൽ കാഴ്ച മറയ്ക്കുന്ന കാടുകൾ അപകടത്തിനും കാരണമാകുന്നു. പാതയോരങ്ങളിലെ പടർപ്പുകളിൽ നിറയെ മാലിന്യങ്ങളാണ്. ആളൊഴിഞ്ഞ റോഡരികിലെ കാടുകൾ മാലിന്യനിക്ഷേപകർക്കു സൗകര്യമൊരുക്കുകയാണ്. രാത്രിസമയങ്ങളിൽ മാലിന്യങ്ങൾ ഇവിടെ വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളിയശേഷം കടന്നുകളയുകയാണു ചെയ്യുന്നത്.

വീടുകളിലെ മാലിന്യങ്ങൾ, വിവിധ സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ, ഉപയോഗശൂന്യമായ ഗൃഹോപകരണങ്ങൾ, അറവുശാലകളിലെ മാലിന്യങ്ങൾ, കോൺക്രീറ്റ് കെട്ടിടങ്ങൾ പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ തുടങ്ങി ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾവരെ ദേശീയപാതയോരത്തെ പതിവു കാഴ്ചയാണ്. 26–ാം മൈലിൽ അൽഫീൻ പബ്ലിക് സ്‌കൂളിനു സമീപം വഴിയരികിൽ തള്ളിയ കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിലേക്കു വീണുകിടക്കുകയാണ്.

ഇത് ഇരുചക്രവാഹനങ്ങളെ അപകടത്തിൽപെടുത്തും. മറ്റു മാലിന്യങ്ങൾ ഏറെയും ചാക്കുകളിലും പ്ലാസ്റ്റിക് കൂടുകളിലും കെട്ടിയാണു തള്ളിയിരിക്കുന്നത്. റാണി ആശുപത്രിക്കും പുതക്കുഴിക്കും ഇടയിലായി റബർ മാലിന്യങ്ങൾ ചാക്കിൽ കെട്ടി വഴിയരികിൽ തള്ളിയിട്ടുണ്ട്. ചോറ്റിക്കും ചിറ്റടിക്കും ഇടലിൽ‌ മാലിന്യങ്ങളിൽനിന്നു രൂക്ഷദുർഗന്ധവും വമിച്ചുതുടങ്ങി. 26–ാം മൈലിനു സമീപവും ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ തുരുമ്പുകയറി നശിച്ചുകിടക്കുന്നു. ഇവ നീക്കംചെയ്യണമെന്നു കഴിഞ്ഞ താലൂക്ക് വികസന സമിതിയിൽ പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.