ദേശീയപാത: 30 കോടി അനുവദിച്ചു

പൊൻകുന്നം∙ ദേശീയപാത 183എയുടെ നിർമാണത്തിനായി 30.18 കോടി രൂപ അനുവദിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. ഭരണിക്കാവു മുതൽ അടൂർ നെല്ലിമൂട്ടിൽപടി വരെയുള്ള 16 കിലോ മീറ്റർ നിർമിക്കാൻ 13.68 കോടി രൂപയും കണമല കോസ്‌വേ മുതൽ എരുമേലി വരെയുള്ള 14 കിലോമീറ്റർ ദൂരത്തിനു 16.5 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ലോകനിലവാരത്തിലാണ് റോഡ് നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ അനുവദിച്ച 30.18 കോടി രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.

ദൂരം 116 കിലോമീറ്റർ അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി വഴി മുണ്ടക്കയത്ത് എത്തുന്നതാണ് റോഡിന്റെ അലൈമെന്റ്. നാലുവരിയായി നിർമിക്കുന്ന റോഡിന് 116 കിലോമീറ്റർ ദൂരമാണുള്ളത്. ഇന്ത്യൻ ഹൈവേ ഇൻസ്റ്റിറ്റ്യൂഷനാണ് സർവേ നടത്തിയത്.

ഡ്രോൺ ക്യാമറ ഉപയോഗിച്ചുള്ള സർവേയും അലൈൻമെന്റ് റോഡ് സർവേയും പൂർത്തിയാക്കി. പാത കടന്നു പോകുന്ന ടൗണിലെ ബുദ്ധിമുട്ട് ഒഴിവാക്കാനായി രണ്ട് ബൈപാസുകൾ നിർമിക്കും. ദേശീയപാത ഇലവുങ്കൽ നിന്നു പമ്പയിലേക്ക് നീട്ടണമെന്ന ആവശ്യം കേന്ദ്ര ഗതാഗത മന്ത്രാലയം അംഗീകരിച്ചതായും ഇതോടെ ശബരിമലയിലേക്കുള്ള പ്രധാനപാത ഇതാകുമെന്നും ആന്റോ ആന്റണി അറിയിച്ചു.