ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രിമുതൽ

തൊഴിലാളി യൂണിയനുകൾ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂർ ദേശീയപണിമുടക്ക് തിങ്കളാഴ്ച അർധരാത്രി ആരംഭിക്കും. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരേയാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്.

പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികൾ എല്ലാ പ്രധാന റെയിൽവേസ്റ്റേഷനിലും പിക്കറ്റിങ് നടത്തുന്നതിനാൽ യാത്രക്കാർ ചൊവ്വ, ബുധൻ ദിവസങ്ങളിൽ തീവണ്ടിയാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

കർഷകരും കർഷകത്തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്ക്-ഇൻഷുറൻസ് മേഖലയിലുള്ളവർ, ബി.എസ്.എൻ.എൽ. ജീവനക്കാർ എന്നിവരും പണിമുടക്കിൽ പങ്കെടുക്കുന്നതായി നേതാക്കൾ അറിയിച്ചു.

ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന ജി.എസ്.ടി. ഉൾപ്പെടെയുള്ള നടപടികൾക്കെതിരേ വ്യാപാരികളും കടകളടച്ച് സഹകരിക്കണമെന്ന് സമിതി അഭ്യർഥിച്ചു. പത്രം, പാൽ വിതരണം, ആശുപത്രികൾ, ടൂറിസം മേഖലകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സമരസമിതി നേതാക്കളായ എളമരം കരീം (സി.ഐ.ടി.യു.), ആർ. ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി.), കെ.പി. രാജേന്ദ്രൻ (എ.ഐ.ടി.യു.സി.) എന്നിവർ പറഞ്ഞു.