ദർശനപുണ്യമായി എരുമേലി ചന്ദനക്കുടം


എരുമേലി ∙ മതസൗഹാർദത്തിന്റെ ഉദാത്ത മാതൃകയായി മാറിയ ചന്ദനക്കുടം പതിനായിരങ്ങൾക്കു ദർശനപുണ്യമായി. ധനുമാസക്കുളിരിനൊപ്പം നാട് ആഘോഷരാവിൽ പങ്കുചേർന്നു. ചന്ദനക്കുടം ആഘോഷത്തിനു മുന്നോടിയായി ജമാ അത്ത് പ്രതിനിധികളുമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളും പന്തളം രാജപ്രതിനിധിയും സൗഹൃദ സ്മരണകൾ പങ്കു വച്ചു. അയ്യപ്പസ്വാമിയും വാവരുസ്വാമിയും തമ്മിലുള്ള ബന്ധം അവർ ഓർത്തെടുത്തു. തുടർന്നായിരുന്നു ചന്ദനക്കുട ഘോഷയാത്ര.

ആനകൾ ഇടഞ്ഞു പ്രശ്നമുണ്ടാവാതിരിക്കാൻ മയക്കുവെടി വിദഗ്ധന്റെ സേവനവും ഉറപ്പാക്കിയിരുന്നു. ഘോഷയാത്ര വൈകിട്ട് പേട്ടക്കവലയിൽ നിന്നു പുറപ്പെട്ടു. പേട്ടക്കവല, കൊച്ചമ്പലം, വലിയമ്പലം, ചെമ്പകത്തുങ്കൽ മൈതാനം, കെഎസ്ഇബി, സർക്കാർ ആശുപത്രി, പൊലീസ് സ്റ്റേഷൻ, കെഎസ്ആർടിസി, മാർക്കറ്റ്, പഞ്ചായത്ത് ഓഫിസ്, വിലങ്ങുപാറ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

തുടർന്നു മസ്ജിദിൽ തിരികെ എത്തി. ചടങ്ങുകൾക്ക് ജമാ അത്ത് പ്രസിഡന്റ് പി.എച്ച്.ഷാജഹാൻ, കമ്മിറ്റി ഭാരവാഹികളായ നൈസാം പി.അഷറഫ്, നാസർ പനച്ചിയിൽ, കെ.എച്ച്.നൗഷാദ്, ഹക്കിം മാടത്താനി, പി.എ.ഇർഷാദ്, സലിം കണ്ണങ്കര, റെജി ചക്കാലയ്ക്കൽ, കെ.എ.അബ്ദുൽ സലാം, വി.പി.അബ്ദുൽ കരീം, അൻസാരി പാടിക്കൽ, പി.എ.നിസാർ, അനസ് പ്ലാമൂട്ടിൽ, റസൽ സലിം, ടി.എ.അബ്ദുൽ ബഷീർ എന്നിവർ നേതൃത്വം നൽകി.