നഞ്ചു കലക്കി മീൻ പിടിത്തം വ്യാപകം ജലമലിനീകരണം; നടപടിയില്ല

∙ മീനച്ചിലാറിന്റെ ഇല്ലിക്കൽ പാലം മുതൽ വെട്ടിക്കാട്ടു ഭാഗം വരെ നഞ്ചു (വിഷം) കലക്കി മീൻ പിടിത്തം വ്യാപകമായി. വള്ളത്തിൽ രാത്രിയിലെത്തുന്ന സംഘം വല വളച്ചിട്ട് അതിനുള്ളിൽ നഞ്ചു കലക്കുകയാണ് മീൻ പിടിക്കുന്നത്. വലയിൽ കിട്ടാത്തവയും ഉപേക്ഷിച്ചു പോകുന്ന ചെറിയ മീനുകളും വെള്ളത്തിൽ കിടക്കും.

പിന്നീട് ഇവ ചീഞ്ഞു വെള്ളത്തിൽ കലരുന്നതോടെ വെള്ളം മലിനമാകുന്നു. നഞ്ചു കലക്കുന്നതിനാൽ വെള്ളത്തിനു കറുപ്പ് നിറമുണ്ടാകുന്നു. വെള്ളം മലിനമാകുന്നതിനാൽ തീര വാസികൾക്ക് ഇതു ഉപയോഗിക്കാൻ കഴിയുന്നില്ല. വെള്ളത്തിൽ ഇറങ്ങുന്നവർക്കു ദേഹത്തു ചൊറിച്ചൽ അനുഭവപ്പെടുന്നു.

നഞ്ചു കലക്കി പിടിക്കുന്ന മത്സ്യങ്ങൾ വിൽപന നടത്താൻ പാടില്ലെന്നിരിക്കെ ഇവ പല സ്ഥലങ്ങളിലും കൊണ്ടു പോയി വിൽപന നടത്തുകയാണ്. നഞ്ചു കലക്കി പിടിച്ച മീനാണെന്നറിയാതെയാണു പലരും വാങ്ങി ഉപയോഗിക്കുന്നത്.ഇത്തരം മത്സ്യങ്ങൾ ഉപയോഗിക്കുന്നവർക്ക് അസുഖം പിടിപെടാറുമുണ്ട്. പല വള്ളങ്ങളിലായി സംഘം ചേർന്നാണു മീൻ പിടിത്തത്തിനെത്തുന്നത്.

രാത്രികാലമായതിനാൽ സംഘത്തെ പലപ്പോഴും നാട്ടുകാരുടെ ശ്രദ്ധയിൽ പെടാറില്ല. മീൻ പിടിത്തം കണ്ടവരാരെങ്കിലും പ്രതികരിച്ചാൽ സംഘം ചേർന്ന് എത്തിയ മീൻപിടിത്തക്കാർ ഇവർക്കു നേരെ തിരിയുകയാണു പതിവ്. രാത്രികാലങ്ങളിൽ പൊലീസ് റോന്തു ചുറ്റൽ നടത്തിയാലേ അനധികൃത മീൻ പിടിത്തം തടയാൻ കഴിയു എന്നു നാട്ടുകാർ പറയുന്നു.