നടന് മുകേഷിന്റേയും നര്‍ത്തകി മേതില്‍ ദേവികയുടേയും വിവാഹം നടന്നു
നടന് മുകേഷിന്റേയും നര്‍ത്തകി മേതില്‍ ദേവികയുടേയും വിവാഹം നടന്നു
എറണാകുളം മരടിലുള്ള മുകേഷിന്റെ വീട്ടില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടേയും ഏറ്റവുമടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. മുകേഷിന്റെ അമ്മ വിജയകുമാരി, കുഞ്ഞമ്മ പ്രസന്നകുമാരി, സഹോദരി സന്ധ്യ, സഹോദരീഭര്‍ത്താവ് ഇ.എ. രാജേന്ദ്രന്, സഹോദരീ പുത്രനും നടനുമായ ദേവദര്‍ശന്‍ എന്നിവരും അടുത്ത ചില സുഹൃത്തുക്കളും ഉള്‍പ്പടെ ഇരുപതില്‍ താഴെ പേര് മാത്രമാണ് പങ്കെടുത്തത്. ബന്ധുക്കളല്ലാതെ സിനിമാരംഗത്തു നിന്നും പങ്കെടുത്ത പ്രമുഖന് നടന് ശ്രീനിവാസനാണ്.
നല്ലദിവസം നോക്കി പെട്ടെന്ന് വിവാഹം നടത്തുകയായിരുന്നുവെന്ന് മുകേഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഷൂട്ടിങ്ങിനായി ഉടന്‍ അമേരിക്കയിലേക്ക് പോകുന്ന മുകേഷ് തിരിച്ചെത്തിയാല്‍ വിവാഹസല്ക്കാരച്ചടങ്ങ് സംഘടിപ്പിക്കും. മരട് രജിസ്ട്രാര്‍ ഓഫീസറെ വീട്ടിലേക്കു വരുത്തിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ശേഷം തൃപ്പൂണിത്തുറ പുതിയകാവിനടുത്ത് കുരീക്കാട് അഗസ്ത്യാശ്രമത്തിലെ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥന നടത്തി. രാവിലെ പത്തരയോടെ എത്തിയ ഇവര്‍ 11നു മടങ്ങി.
പിന്നീട് ഇരുവരും പാലക്കാട്ടേക്കു പോയി.
പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗമായ ദേവിക കേരള സംഗീത നാടക അക്കാദമി അംഗമായിരിക്കെയാണു മുകേഷുമായി പരിചയത്തിലായത്. മുകേഷ് അക്കാദമിയുടെ ചെയര്‍മാനായിരുന്നു. കലാമണ്ഡലം വിജയലക്ഷ്മിയില്‍ നിന്നു മോഹിനിയാട്ടം അഭ്യസിച്ച ദേവിക കൊല്‍ക്കത്ത രവീന്ദ്ര ഭാരതി സര്‍വകലാശാലയില്‍ നിന്നു കുച്ചിപ്പുടിയില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നു എംബിഎയും നേടി.
കലൈമാമണി എസ്. നടരാജന്റെ ശിക്ഷണത്തില്‍ ഭരതനാട്യവും അഭ്യസിച്ചു. ഭാരതിദാസന്‍ സര്‍വകലാശാലയില്‍ നിന്നു നൃത്തത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷം കലാമണ്ഡലത്തില്‍ ലെക്ചററായി ജോലി ചെയ്തുവരുന്നു. പാലക്കാട് ശ്രീപഥ നാട്യകളരിയിലെ ആര്‍ടിസ്റ്റിക് ഡയറക്ടറാണ്. കേരള സംഗീത നാടക അക്കാദമി പുരസ്കാരം, ദേവദാസി നാഷണല്‍ അവാര്‍ഡ്, ഉസ്താദ് ബിസ്മില്ലഖാന്‍ യുവ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. 36 വയസുണ്ട്. 1982ല്‍ സിനിമയിലെത്തിയ മുകേഷ് 1989ലാണു ചലച്ചിത്രതാരം സരിതയെ വിവാഹം ചെയ്തത്. 2007ല്‍ ഈ വിവാഹബന്ധം വേര്‍പെടുത്തി. ഈ ബന്ധത്തില്‍ മുകേഷിനു രണ്ടു കുട്ടികളുണ്ട്. പ്രശസ്ത നടന് ഒ. മാധവന്റെയും നടി വിജയകുമാരിയുടെ മകനാണു മുകേഷ്.