നടുവൊടിച്ച് പുസ്തക ഭാരം; കുട്ടികൾ ദിവസവും ചുമക്കുന്നത് 10 കിലോ, നെഞ്ചിടിപ്പോടെ രക്ഷിതാക്കൾ

∙ കുട്ടികളുടെ നടുവൊടിക്കുന്നതാണ് പുസ്തക ഭാരമെന്ന് രക്ഷിതാക്കൾ. ദിവസവും പത്തു കിലോയിൽ കൂടുതൽ ഭാരം ചുമന്നാണ് കുട്ടികൾ സ്കൂളിൽ പോകുന്നത്. പാഠപുസ്തകങ്ങൾ, ലഞ്ച് ബോക്സ്, ഇതര പoനോപകരണങ്ങൾ അടക്കം ചിലപ്പോൾ പതിനഞ്ച് കിലോ വരെ പ്രതിദിനം ചുമക്കേണ്ടി വരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. യുഎഇയിലെ ഒരു പ്രാദേശിക മാധ്യമം സമൂഹ മാധ്യമത്തിലൂടെ നടത്തിയ അഭിപ്രായ സർവേയിലാണ് രക്ഷിതാക്കൾ മനസ്സു തുറന്നത്.
സർവേയിൽ പങ്കെടുത്ത 46 ശതമാനം പേരും കുട്ടികളുടെ സ്കൂൾ ബാഗ് ഭാരം പത്ത് കിലോയിൽ കൂടുതലാണെന്ന് രേഖപ്പെടുത്തി. 30 ശതമാനത്തിനു 15 കിലോ ഭാരം പേറുന്നവരാണ് കുട്ടികൾ. അതിലും കൂടുതൽ ഭാരമുണ്ടെന്ന് 16 ശതമാനം പേർ അഭിപ്രായം പങ്കിട്ടു. 54 ശതമാനം പേർക്ക് പത്ത് കിലോയിൽ കുറവാണ് ബാഗ് ഭാരം എന്നാണ് അഭിപ്രായം.
അമിതഭാരം കാരണം രക്ഷിതാക്കൾ ബാഗും പിടിച്ച് സ്കൂളിലെ ക്ലാസ് മുറിയുടെ വാതിൽ വരെ കുട്ടികളെ അനുഗമിക്കേണ്ടി വരാറുണ്ട്. ചില രക്ഷിതാക്കൾ സ്കൂൾ ബസ് ഉപേക്ഷിച്ച് കുട്ടികളെ സ്വന്തം വാഹനത്തിൽ കൊണ്ടുപോകാൻ നിർബന്ധിതരായതും താങ്ങാനാകാത്ത സ്കൂൾ ബാഗ് ഭാരം കൊണ്ടാണ്. സ്കൂൾ കെട്ടിടത്തിന്റെ കോണിപ്പടികൾ കയറി വേണം ക്ലാസിലെത്താൻ എന്നതിനാൽ ചക്രംഘടിപ്പിച്ച ബാഗുകൾ കൊണ്ടും കാര്യമില്ലെന്ന് രക്ഷിതാക്കൾ സൂചിപ്പിച്ചു.

20 ഗോവണിപ്പടികൾ വരെ കയറിയാണ് കുട്ടി ദിവസവും ക്ലാസിലെത്തുന്നത്. ചക്രം ഘടിപ്പിച്ച ബാഗ് കോണിപ്പടികൾ തീരും വരെ ചുമക്കണം. ചക്ര ബാഗിനു ബലം നൽകാനുള്ള രണ്ട് ദണ്ഡുകൾ കാരണം കുട്ടികൾക്ക് ബാഗ് പുറത്ത് തൂക്കാനും സാധിക്കാറില്ലെന്ന് ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. നാലു കിലോ ഭാരം പത്തു മിനിറ്റിൽ കൂടുതലെടുക്കാൻ ആകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടും കുട്ടികൾക്ക് കഠിന ഭാരം പേറേണ്ട സ്ഥിതിയാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി
പുസ്തകങ്ങൾ ഭാഗങ്ങളാക്കണം
കുട്ടികളുടെ സ്കൂൾ ബാഗിന്റെ കനം കൂട്ടുന്ന പ്രധാന ഘടകം തടിച്ച പാഠ പുസ്തകങ്ങളാണ്. ഓരോ വലിയ പുസ്തകങ്ങളും പല ഭാഗങ്ങളായി അച്ചടിച്ച് ഇറക്കിയാൽ പാഠ്യ ഭാഗങ്ങൾ മാത്രം സ്കൂളിലേക്ക് കൊണ്ടു പോയാൽ മതിയാകുമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. സ്കൂൾ പുസ്തകങ്ങൾക്ക് പകരം ടാബ്ലറ്റ് ഉപയോഗിക്കാമെങ്കിലും ഭാരിച്ച പുസ്തകങ്ങൾക്ക് പുറമേ ടാബ്ലറ്റുകൾ കൂടി കൊണ്ടുവരാനാണ് ചില സ്കൂളിലെ അധ്യാപകർ ആവശ്യപ്പെട്ടത്.
ചെറു ക്ലാസിൽ വച്ച് തുടങ്ങുന്ന ഈ ‘ഭാരദ്വഹന ‘ത്തിന്റെ പ്രയാസം വലിയ ക്ലാസുകളിൽ എത്തുമ്പോഴാണ് അനുഭവപ്പെടുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന തന്റെ കുട്ടിയുടെ മാറാത്ത പുറംവേദന ഇതിന്റെ തെളിവാണെന്ന് ഒരു രക്ഷിതാവ് വ്യക്തമാക്കി. പുസ്തകം സ്കൂളിൽ സൂക്ഷിക്കാനുള്ള സുരക്ഷിത സംവിധാനത്തിന്റെ ആവശ്യകതയും രക്ഷിതാക്കൾ സർവേയിൽ സൂചിപ്പിച്ചു.
നട്ടെല്ലിനു പോറലേൽപ്പിക്കുമെന്ന ആരോഗ്യ വിദഗ്ധർ
കുട്ടികൾ അമിതഭാരം ചുമക്കുന്നത് അവരുടെ നട്ടെല്ലിനെ സാരമായി ബാധിക്കുമെന്ന് എല്ല് രോഗ വിദഗ്ധൻ ഡോ. യഅഖൂബ് അൽഹമ്മാദി പറഞ്ഞു. കുട്ടിയുടെ ഉയരവും ശരീരഭാരവും അനുസരിച്ചായിരിക്കണം സ്കൂൾ ബാഗ് ഭാരം പാകപ്പെടുത്തേണ്ടത്. അധികഭാരം നട്ടെല്ലിനു വളവുണ്ടാക്കും. കൂടാതെ വിവിധ നാഡികൾക്ക് അധിക സമ്മർദമായിരിക്കും. കുട്ടികൾ മുതിരുമ്പോഴാണ് ഇത് പ്രകടമാവുകയെന്നും ഡോ.അൽ ഹമ്മാദി വെളിപ്പെടുത്തി.
കുട്ടിയുടെ ഭാരത്തേക്കാൾ പത്തു മുതൽ പതിനഞ്ച് ശതമാനത്തിൽ കൂടുതൽ ഭാരം ബാഗിനുണ്ടാകുന്നത് ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് ശിശുരോഗ വിദഗ്ധ ഡോ.ഹാല ഹബീബ് പറഞ്ഞു. കുട്ടികൾ അമിതഭാരമുള്ള ബാഗ് വഹിക്കുന്നത് കഴുത്തിന്റെ പേശികൾ, പുറംഭാഗം, നട്ടെല്ല്, ചുമൽ എന്നിവയെ ബാധിക്കുമെന്ന ആരോഗ്യമേഖലയിലെ പoനവും ഡോ.ഹാല എടുത്തുകാട്ടി.