നന്നാക്കുന്നതിനെക്കാൾ വേഗത്തിൽ റോഡ് പൊളിച്ച് ജല അതോറിറ്റി

പൊൻകുന്നം ∙ ‘എങ്ങനെ ഇൗ റോഡ് കുത്തിപ്പൊളിച്ച് ഇങ്ങനെയാക്കാൻ തോന്നുന്നു?’ ചോദ്യം നാട്ടുകാരുടേതാണ്. ‘പൈപ്പ് പൊട്ടിയാൽ പിന്നെന്തു ചെയ്യും’ ഉത്തരം ജല അതോറിറ്റിയുടേതും. ഒരു വർഷം മുൻപ് ലോകനിലവാരത്തിൽ നിർമിച്ച പൊൻകുന്നം – എരുമേലി തീർഥാടനപാതയിൽ ഗ്രാമദീപം മുതൽ മണ്ണംപ്ലാവ് പാലം വരെയുള്ള രണ്ടു കിലോമീറ്റർ ദൂരമാണു തുടർച്ചയായി കുത്തിപ്പൊളിക്കുന്നത്.

കരിമ്പുകയം ജലപദ്ധതിയിലെ പ്രധാന ജലവിതരണ പൈപ്പ് പൊട്ടുന്നതാണു കാരണം. മാസത്തിൽ രണ്ടു തവണയെന്ന നിലയിലാണു പൊട്ടുന്നത്. ഇതു യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കുമെങ്കിലും പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് കുത്തിപ്പൊളിച്ചാൽ ശരിയായി അടയ്ക്കാറില്ല.

∙ 400 മീറ്ററിനുള്ളിൽ കുത്തിപ്പൊളിച്ചത് 15 സ്ഥലത്ത് ഗ്രാമദീപം ജംക്‌ഷനിലുള്ള പമ്പ് ഹൗസ് മുതൽ മണക്കാട് ക്ഷേത്രം വരെയുള്ള 400 മീറ്ററിനുള്ളിൽ 15 സ്ഥലത്താണു പൈപ്പ് പൊട്ടിയതിനെ തുടർന്നു പല തവണയായി കുത്തിപ്പൊളിക്കേണ്ടിവന്നത്. പമ്പ് ഹൗസിലേക്ക് മണിമലയാറ്റിൽനിന്നു വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിക്കൊണ്ടിരിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയതോടെ പമ്പിങ് മുടങ്ങിയിരുന്നു.

ഇന്നലെ പൈപ്പ് നന്നാക്കിയാണു പമ്പിങ് പുനരാരംഭിച്ചത്. പൈപ്പ് പൊട്ടിയ ഭാഗം മെറ്റലും പാറപ്പൊടിയും മാത്രമിട്ടു മൺകൂനപോലെ അടച്ചിരിക്കുകയായിരുന്നു. വാഹനങ്ങൾ കയറിയിറങ്ങിയാണ് ഇതു നിരന്നത്. ഗ്രാമദീപം മുതൽ മണ്ണംപ്ലാവ് പാലം വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലാണു പദ്ധതിയുടെ പൈപ്പ് റോഡിലൂടെ പോകുന്നത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് 22 സ്ഥലത്ത് ഇത്തരത്തിൽ കുത്തിപ്പൊളിച്ചിട്ടുണ്ട്. പമ്പ് ഹൗസിൽനിന്നു പോകുന്ന പൈപ്പുകളും ഇടയ്ക്കിടെ പൊട്ടാറുണ്ടെങ്കിലും ഇത്രയും ഗുരുതരമായ അവസ്ഥയിലല്ല.

∙ അടച്ച ഭാഗം താഴ്ന്നും പൊങ്ങിയും കുത്തിപ്പൊളിച്ച ഭാഗം അലക്ഷ്യമായി അടയ്ക്കുന്നത് റോഡിന്റെ അലൈൻമെന്റിന് പ്രശ്നമാകുന്നു. മിക്കയിടത്തും റോഡിനെക്കാൾ രണ്ടിഞ്ച് താഴ്ന്നാണ് അടച്ചഭാഗങ്ങൾ നിൽക്കുന്നത്. ചിലയിടങ്ങൾ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് അടച്ചിരിക്കുന്നത്. ഇതു താഴ്ന്നും പൊങ്ങിയും നിൽക്കുന്നതിനാൽ വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇതിൽ ചാടി ദിശതെറ്റുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. കുത്തിപ്പൊളിച്ച ഭാഗം നല്ലരീതിയിൽ അടയ്ക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം ജല അതോറിറ്റിക്കാർ ചെവിക്കൊള്ളാറില്ലെന്ന് ആരോപണമുണ്ട്.

∙ പൊട്ടുന്നത് പുതിയ പൈപ്പുകൾ ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്ന കരിമ്പുകയം പദ്ധതിയിൽ, റോഡ് ലോകനിലവാരത്തിൽ നിർമിക്കുന്ന സമയത്ത് സ്ഥാപിച്ച പൈപ്പാണ് അടിക്കടി പൊട്ടിക്കൊണ്ടിരിക്കുന്നത്. കരിമ്പുകയം പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായി ജില്ലാ പ്രോജക്ട് ഡിവിഷൻ സ്ഥാപിച്ചിരുന്ന പൈപ്പുകളാണിത്. രണ്ടു കിലോമീറ്റർ ദൂരത്തിൽ 250 എംഎം പിവിസി പൈപ്പുകൾ നാലടി താഴ്ചയിലാണു റോഡിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നത്.

പൈപ്പുകളിൽ മർദം കൂടുന്നതാണു പൊട്ടിപ്പോകാൻ കാരണമെന്നു ജനം പറയുന്നുണ്ടെങ്കിലും കാരണം എന്തെന്നു വ്യക്തമല്ലെന്നാണ് അധികൃതരുടെ പക്ഷം. കഴിഞ്ഞയിടെയാണു പ്രോജക്ട് ഡിവിഷൻ പൊൻകുന്നം ജല അതോറിറ്റിക്കു സംവിധാനം കൈമാറിയത്. ദിവസങ്ങൾ കഴിയുന്നതോടെ പൈപ്പുകൾ പൊട്ടുന്നതിന്റെ ഇടവേള കുറഞ്ഞുവരുന്നത് ജല അതോറിറ്റിക്കു മറ്റൊരു തലവേദനയാകുകയാണ്.