നല്ല മീൻ കിട്ടാനില്ല,മാസങ്ങളോളം പഴക്കമുള്ള ശീതീകരിച്ച മത്സ്യങ്ങൾ വിപണിയിൽ

നല്ല മീൻ കിട്ടാതായതോടെ, ശീതീകരിച്ച ഇതരസംസ്ഥാന മത്സ്യങ്ങൾ വിപണിയിൽ. ഇവയ്ക്കു മാസങ്ങളോളം പഴക്കമെന്നു സൂചന. മാസങ്ങളായി രാസവസ്തുക്കൾ ചേർത്തു ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന മത്സ്യങ്ങളാണു വിൽപനയ്ക്കു നിരന്നിരിക്കുന്നത്. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണു ‘ഫ്രോസൻ മത്സ്യങ്ങൾ’ എത്തുന്നത്. ചുഴലിക്കാറ്റിന്റെയും പേമാരിയുടെയും പശ്ചാത്തലത്തിൽ കേരളത്തിലെ പ്രധാന മത്സ്യവിൽപന കേന്ദ്രങ്ങളായ കൊച്ചി, മുനമ്പം, കൊല്ലം, നീണ്ടകര, വിഴിഞ്ഞം എന്നിവിടങ്ങളിൽ ആഴക്കടൽ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതാണു കാരണം. അതോടെ കൊച്ചുവള്ളങ്ങളിൽ പോയി മീൻ പിടിച്ച് രാവിലെ എത്തുന്ന മത്സ്യത്തൊഴിലാളികളുടെ മത്സ്യങ്ങൾ മാത്രമാണുള്ളത്. ഇവരിൽ നിന്ന് അമിതവില നൽകിയാണു ജില്ലയിലെ കച്ചവടക്കാരിൽ ചിലർ മത്സ്യം വാങ്ങുന്നത്.

ഇതരസംസ്ഥാനത്തു നിന്നു വിൽപനയ്ക്ക് എത്തിച്ച മാസങ്ങൾ പഴക്കമുള്ള മീൻ
ഓലക്കൊടി, കേര, മോദ തുടങ്ങിയ മത്സ്യങ്ങൾക്ക് ഇവിടെ 400 രൂപ മുതൽ 600 രൂപ വരെ കിലോയ്ക്ക് വില നൽകണം. എന്നാൽ ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന മാസങ്ങളും വർഷങ്ങളും പഴക്കമുള്ള മീനുകൾക്ക് കിലോയ്ക്ക് 250 രൂപ മുതൽ 280 രൂപ വരെ നൽകിയാൽ മതി. തമിഴ്നാട്ടിൽ ഇപ്പോൾ ട്രോളിങ് നിരോധനമാണ്. കേരളത്തിൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മീൻപിടിത്തത്തിനു നിരോധനം വന്നതു മുതലെടുത്താണു ഫ്രീസറിൽ രാസപദാർഥങ്ങളിട്ടു സൂക്ഷിച്ചിരിക്കുന്ന മത്സ്യങ്ങൾ വിൽപനയ്ക്ക് എത്തിക്കുന്നത്. കായൽ മീനിനും ക്ഷാമമാണ്.

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു രണ്ടാഴ്ച വരെ കായൽ മീനുകളുടെ ലഭ്യത കൂടാറാണു പതിവ്. ഈ വർഷം ഷട്ടറുകൾ തുറന്നിട്ടും മീനുകൾ വേണ്ടത്ര കിട്ടിയില്ലെന്നു സഹകരണ സംഘം പ്രസിഡന്റ് കെ.കെ.രാജപ്പൻ പറഞ്ഞു. കഴിഞ്ഞ വർഷം ഷട്ടർ തുറന്ന സമയത്തു ദിവസം 150 കിലോ കരിമീൻ വരെ സംഘത്തിലെ തൊഴിലാളികൾക്കു കിട്ടിയിരുന്നു. എന്നാൽ ഇത്തവണ 50 കിലോ കരിമീൻ പോലും കിട്ടുന്നില്ലെന്നും പ്രസിഡന്റ് പറയുന്നു. ഷട്ടറുകൾ തുറക്കുമ്പോഴുണ്ടാകുന്ന ഒഴുക്കിനൊപ്പം മീനുകളും ഒഴുകും.

മുന്നിൽ കരിമീൻ

∙ കായൽ മീനുകളുടെ വില ഉയർന്നു. കരിമീനാണു വിലവർധനയിൽ മുന്നിൽ. വെസ്റ്റ് ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ കരിമീനിനു കിലോയ്ക്കു 10 രൂപ മുതൽ 20 രൂപ വരെ വില കൂടി. 250 ഗ്രാമിനു മുകളിലുള്ള എ പ്ലസ് കരിമീനിന് 480 രൂപയിൽ നിന്നു 500 രൂപയായി വില ഉയർന്നു. എ ഗ്രേഡ് കരിമീനിന് 450 രൂപയിൽ നിന്നു 460, ബി ഗ്രേഡിനു 350ൽ നിന്നു 360 വീതം രൂപയായി കൂടി. മുരശിന് 220 –ൽ നിന്നു 230 രൂപയായി. മത്സ്യച്ചന്തകളിൽ വിവിധ ഇനം കരിമീനിന് 600, 550, 400 രൂപയാണു വില. മുരശിനു കിലോയ്ക്കു 260 രൂപയുമാണു പൊതുമാർക്കറ്റിലെ വില.