നവതിശോഭയിൽ മാർ പൗവത്തിൽ


ചങ്ങനാശേരി ∙ ‘സഭയുടെ കിരീടം’ ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പൗവത്തിലിന്റെ 90-ാം ജന്മദിനം നാളെ. നവതി ആഘോഷങ്ങളുടെ സമാപനവും നാളെ നടക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകൾ മാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്.ചങ്ങനാശേരി അതിരൂപതയിലെ എല്ലാ വൈദികരും നാളെ രാവിലെ 6.30ന് പ്രത്യേക കുർബാന അർപ്പിക്കണമെന്നു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർദേശം നൽകിയിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ പ്രത്യേകമായി നടത്തുന്ന ഈ കുർബാനയിൽ മാർ ജോസഫ് പൗവത്തിലിനു വേണ്ടി പ്രാർഥന നടത്താനും നിർദേശമുണ്ട്.

പുസ്തകവായനയും ആനുകാലികങ്ങളിലെ രചനകളുമായി വിശ്രമജീവിതത്തിലും സജീവമാണ് മാർ ജോസഫ് പൗവത്തിൽ. നാളെ രാവിലെ 6.30 അരമന ചാപ്പലിൽ മാർ പൗവത്തിൽ കുർബാന അർപ്പിക്കും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സന്ദർശകരെ അനുവദിക്കില്ല. നവതി സ്മാരകമായി, അതിരൂപത നിർധനരായ 90 കുടുംബങ്ങൾക്കു ഭവനം നിർമിച്ചു നൽകുന്ന ഭവനനിർമാണ പദ്ധതി പുരോഗമിക്കുന്നുണ്ട്.റോമിലെ ക്രിസ്ത്യൻ യൂണിറ്റിക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ കുർക്ക് കോഹ്, ഓസ്ട്രിയയിലെ പ്രോ ഓറിയന്തേ ഫൗണ്ടേഷൻ എന്നിവ ജന്മദിനാശംസകൾ നേർന്നു. നവതി ആഘോഷ വേളയിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ മാർ പൗവത്തിലിന് ആശംസാസന്ദേശം അയച്ചിരുന്നു.

1930 ഓഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനിച്ച മാർ ജോസഫ് പൗവത്തിൽ 1962 ഒക്ടോബർ 3ന് പൗരോഹിത്യം സ്വീകരിച്ചു. 1972 ഫെബ്രുവരി 13ന് അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായി. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി സേവനം അനുഷ്ഠിച്ചു. ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ, കെസിബിസി അധ്യക്ഷൻ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.