നവീകരിച്ച കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് 12നു തുറക്കും

കാഞ്ഞിരപ്പള്ളി ∙ നവീകരണം പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് 12നു തുറക്കും. പന്ത്രണ്ടിന് അഞ്ചിന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഡോ.എൻ.ജയരാജ് എംഎൽഎ അധ്യക്ഷത വഹിക്കും. സിപിഎം സംസ്ഥാന സമിതി അംഗം കെ.ജെ.തോമസ് മുഖ്യപ്രഭാഷണം നടത്തും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 90 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റാൻഡ് നവീകരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലായിരുന്നു നവീകരണം. ബസ് സ്റ്റാൻഡിലെ തറ മുഴുവൻ കോൺക്രീറ്റ് ചെയ്തു. ഓട പുനരുദ്ധരിച്ച് പുതിയ സ്ലാബ് സ്ഥാപിച്ചു.

ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. സ്റ്റാൻഡിലേക്കു ബസ് കയറിവരുന്ന ഇടുങ്ങിയ കവാടത്തിലെ അസൗകര്യം ഒഴിവാക്കാൻ സ്റ്റാൻഡിലെ പഞ്ചായത്ത് വക കെട്ടിടം അൽപം പൊളിച്ചാണ് നവീകരണം ആരംഭിച്ചത്. സ്റ്റാൻഡിൽനിന്നു പുത്തനങ്ങാടി റോഡിലേക്ക് ഇറങ്ങുന്ന നടപ്പാതയും നവീകരിച്ചു. ബസ് ഇറങ്ങിവരുന്ന ഭാഗത്തും സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്തും നടപ്പാതയിൽ തറയോടു പാകുന്ന ജോലിയാണ് ഇനി ബാക്കി. ഇത് ഉദ്ഘാടനത്തിനു മുൻപ് പൂർത്തിയാക്കും. മാർച്ച് ആറിനാണ് ബസ് സ്റ്റാൻഡ് നവീകരണം ആരംഭിച്ചത്.