നാടിനെ ആശങ്കയിലാഴ്ത്തി ഡെങ്കിപ്പനി പടരുന്നു

മണിമല ∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപകമായി പടർന്നതിനെ തുടർന്നു ജനം ആശങ്കയിൽ. പൂവത്തോലി, ചെറുവള്ളി, കരിക്കാട്ടൂർ ഭാഗങ്ങളിലാണു പനി പടരുന്നത്. ഒരു വീട്ടിൽത്തന്നെ പലർക്കും പനി ബാധിച്ചിരിക്കുകയാണ്. വേനൽമഴയെ തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനമാണു പനി രൂക്ഷമാകാൻ ഇടയാക്കിയത്. ഈ കാലയളവിൽ കൊതുകുകൾ വൻതോതിൽ പെരുകിയതായി ആരോഗ്യവകുപ്പു ചൂണ്ടിക്കാട്ടുന്നു. പനിബാധിതർ കടുത്ത ക്ഷീണവും മറ്റു ശാരീരിക അസ്വാസ്ഥ്യവുംമൂലം വലയുകയാണ്.

സാമൂഹിക – പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ചികിൽസ ലഭിക്കാത്തതുമൂലം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണു ജനം. രക്തപരിശോധനയ്ക്കും മറ്റും വൻതുകയാണു ചെലവാകുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഫോഗിങ്, ബോധവൽക്കരണ പരിപാടികൾ എന്നിവ നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.