നാട്ടിലാകെ പാട്ടിന്റെ രാഷ്ട്രീയമേളം

കാഞ്ഞിരപ്പള്ളി ∙ നാട്ടിലാകെ പാട്ടിന്റെ രാഷ്ട്രീയമേളം നിറയുന്നു. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലങ്ങു വിലങ്ങും ഓടുന്ന അനൗൺസ്മെന്റ് വാഹനങ്ങളിലെ പാരഡി ഗാനങ്ങളാണു നാട്ടിലാകെ അലയടിക്കുന്നത്. നാടൻ പാട്ടുകളുടെയും, ഹിറ്റ് ഗാനങ്ങളുടെയും പാരഡി കൂടാതെ മാപ്പിള പാട്ടുകളുടെയും പാരഡികളിലൂടെയും വോട്ട് അഭ്യർഥിക്കുകയാണ് മുന്നണികൾ. എതിർ മുന്നണികളെ ഇകഴ്ത്തിയും സ്വന്തം സ്ഥാനാർഥിയെ പുകഴ്ത്തിയും ഭരണ നേട്ടങ്ങളും, കോട്ടങ്ങളുമൊക്കെയാണു പാട്ടിലെ വരികളിലൂടെ കേൾക്കുന്നത്.

യുഡിഎഫ് സാരഥി ഡോ. എൻ. ജയരാജിന്റെ വാഹന പര്യടനം ഇന്നലെ മണിമല പഞ്ചായത്തിൽ നടന്നു. രാവിലെ മണിമല സഹകരണ ബാങ്ക് പടിക്കൽ ആരംഭിച്ച പര്യടനം കെപിസിസി അംഗം ജ്ഞാനേശ്വരൻ പിള്ള ഉദ്ഘാടനം ചെയ്തു. പൊന്തൻപുഴയിൽ സമാപിച്ചു. നാളെ നെടുംകുന്നം പഞ്ചായത്തിൽ പര്യടനം നടത്തും. ഇന്നലെ എൽഡിഎഫ് സ്ഥാനാർഥി വി.ബി. ബിനുവിന്റെ വാഹന പര്യടനവും മണിമല പഞ്ചായത്തിലായിരുന്നു. രാവിലെ 8.30ന് ആലപ്രയിൽ ആരംഭിച്ച പര്യടനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

മുക്കട ആലയംകവലയിൽ സമാപിച്ചു. എൻഡിഎ സ്ഥാനാർഥി വി.എൻ. മനോജിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള വാഹന പര്യടനം ഇന്നലെ കറുകച്ചാൽ പഞ്ചായത്തിലായിരുന്നു. മാന്തുരുത്തിയിൽ ആരംഭിച്ച പര്യടനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ മേടയ്ക്കൽ ഉദ്ഘാടനം ചെയ്തു. കറുകച്ചാലിൽ സമാപിച്ചു.