നാട്ടുകാരുടെ ആവശ്യങ്ങൾക്ക് ഒരു കുടക്കീഴിൽ പരിഹാരവുമായി നാട്ടുചന്ത രണ്ടാം വാരത്തിലേക്ക്

മുണ്ടക്കയം∙ നാട്ടുകാരുടെ ആവശ്യങ്ങൾക്ക് ഒരു കുടക്കീഴിൽ പരിഹാരവുമായി നാട്ടുചന്ത രണ്ടാം വാരത്തിലേക്ക്. ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ കല്ലേപാലം ജംക്‌ഷനിൽ നയനാർ ഭവന് സമീപം ചന്ത പ്രവർത്തിക്കും. ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചയിൽ ആരംഭിച്ച ചന്തയിൽ പതിനായിരത്തിലധികം ആളുകളാണ് സാധനങ്ങൾ വാങ്ങുവാൻ എത്തിയത്. രണ്ടാം ചന്ത ദിനമായ ഇന്ന് ഇവിടെയെത്തുന്ന ആളുകളിൽനിന്ന് ഒരു ഭാഗ്യശാലിയെ തിരഞ്ഞെടുത്ത് ആട്ടിൻകുട്ടിയെ സമ്മാനമായി നൽകും.

വിഷമയമില്ലാത്ത നാടൻ വിഭവങ്ങൾ കുറഞ്ഞ ചെലവിൽ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് നാടൻ ചന്ത പ്രവർത്തനം ആരംഭിച്ചത്. ലോറിയിൽ എത്തിക്കുന്ന പശുക്കളിൽ നിന്ന് ആവശ്യക്കാർ എത്തുന്നത് അനുസരിച്ച് പാൽ കറന്ന് കൊടുക്കുന്നതും ടാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന പിടയ്ക്കുന്ന മീനുകളെ അപ്പോൾ തന്നെ കറിവച്ച് നൽകുന്നതും ഉൾപ്പെടെ വീട്ടാവശ്യങ്ങൾക്കായുള്ള കൊട്ട, ചൂൽ തുടങ്ങി എല്ലാ വസ്തുക്കളും ചന്തയിൽ ഒരുക്കിയിരുന്നു.

കുടുംബശ്രീയുടെ നേതൃത്വത്തിലാണ് മീൻകറി ഉണ്ടാക്കി നൽകുന്നത്. കല്ലേപാലം മുതൽ ബിഎസ്എൻഎൽ ഓഫിസ് വരെയുള്ള സ്ഥലത്ത് റോഡിന്റെ ഒരു വശത്തായാണ് കച്ചവടം നടക്കുക. മൃഗങ്ങളുടെ ലേലവും ഇക്കുറി നടക്കും. ചന്തയിൽ എത്തുന്നവർക്ക് രുചിഭേദങ്ങളുടെ വൈവിധ്യവുമായി തനി നാടൻ പലഹാരങ്ങളും വിൽപനയ്ക്ക് ഒരുക്കിയിട്ടുണ്ട്.