നിപ്പ; ജാഗ്രത ഒപ്പം

പനി, ജലദോഷം എന്നിവയ്ക്കൊപ്പം തലകറക്കം, ബോധക്ഷയം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉണ്ടായാൽ രോഗികളെ വിദഗ്ധ പരിശോധനകൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കാൻ ജില്ലയിലെ എല്ലാ സർക്കാർ–സ്വകാര്യ ആശുപത്രികൾക്കും നിർദേശം. ഇത്തരം രോഗികളുടെ ആരോഗ്യനില മെഡിക്കൽ കോളജ് ആശുപത്രിയിൽ വിശദമായി പരിശോധിക്കും.നിപ്പ രോഗം സ്ഥിരീകരിച്ച രോഗിയുമായി ബന്ധമുണ്ടെങ്കിലോ രോഗബാധയുള്ള സ്ഥലത്ത് പോയിട്ടുണ്ടെങ്കിലോ രോഗികളെ നിപ്പ രോഗികൾക്കായി സജ്ജമാക്കിയ പ്രത്യേക ഐസലേഷൻ വാർഡിലേക്ക് മാറ്റും. രോഗിയിൽ നിന്ന്സാംപിളുകൾ ശേഖരിച്ച് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് അയയ്ക്കും.

പരിശോധന ഫലം കിട്ടാൻ 24 മണിക്കൂർ

രോഗിയിൽ നിന്ന് സ്രവം സാംപിൾ, രക്തത്തിലെ സിഎസ്എഫ് സാംപിൾ എന്നിവ ശേഖരിക്കുന്നത് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക സുരക്ഷയിൽ ആണ്. ആശുപത്രി ജീവനക്കാർ സാംപിളുകളുമായി നേരിട്ട് പോകുകയോ കുറിയർ അയയ്ക്കുകയോ ആണ് ചെയ്യുന്നത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം 24 മണിക്കൂറിനുള്ളിൽ ലഭിക്കും. രോഗം ഉണ്ടെന്ന് സംശയം തോന്നിയാൽ ചികിത്സ ആരംഭിക്കും.രോഗം ഇല്ലെങ്കിൽ സാധാരണ വാർഡിലേക്ക് മാറ്റും.

നിപ്പയെ നേരിടാൻ സർവസജ്ജം

പനി ബാധിതർക്ക് മാത്രമായി പ്രത്യേക ക്ലിനിക് കോട്ടയം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ ആരംഭിച്ചു.രോഗം സംശയിക്കുന്ന രോഗികളെ നിരീക്ഷിക്കന്നതിന് പ്രത്യേക വാർഡ് ഉണ്ട്. ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവർക്ക് പ്രത്യേക വ്യക്തിഗത സംരക്ഷണ ഉപാധികൾ ഉറപ്പ് വരുത്തി. മരുന്നുകളും ആവശ്യാനുസരണം ലഭ്യമാക്കി.നിരീക്ഷണം, ചികിത്സ എന്നിവ ഏകോപിപ്പിക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, കമ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി തുടങ്ങിയവരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ ദിവസേനയുള്ള സ്ഥിതിഗതികൾ സമിതി വിലയിരുത്തി മാർഗനിർദേശങ്ങൾ നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ അറിയിച്ചു.

രോഗികൾക്കു മരുന്നും ഭക്ഷണവും സൗജന്യം

പനിയോടൊപ്പം തലകറക്കം, ശ്വാസംമുട്ടൽ, ബോധക്ഷയം തുടങ്ങിവയുണ്ടെങ്കിൽ മെഡിക്കൽ കോളജിലെത്തി ഒപി ചീട്ട് പോലും എടുക്കാതെ നേരെ 24 –ാം വാർഡിലെ പനി ക്ലിനിക്കിൽ എത്തണമെന്ന് പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. ആർ. സജിത് കുമാർ പറഞ്ഞു. 3 ഡോക്ടർമാരെയും നഴ്സുമാരെയും ജീവനക്കാരെയും 24 മണിക്കൂറും ഇവിടെ നിയോഗിച്ചിട്ടുണ്ട്. രോഗിയുടെ ലാബ് പരിശോധനകൾ, മരുന്നുകൾ, ഭക്ഷണം എന്നിവ ആശുപത്രിയിൽ ഇതിനായി നിയോഗിക്കപ്പെട്ട ജീവനക്കാർ മാത്രം ലഭ്യമാക്കും. രോഗം സ്ഥിരീകരിച്ചാൽ ഇവരെ കിടത്താൻ തീവ്രപരിചരണ വിഭാഗം വാർഡും ഏതാനും മുറികളും ഒരുക്കിയിട്ടുണ്ട്. ചുമ, തുമ്മൽ എന്നിവയുള്ള രോഗികൾക്ക് ആശുപത്രി കവാടത്തിൽ വച്ച് മാസ്ക് നൽകും. ആശുപത്രിക്കുള്ളിൽ മാസ്ക് ധരിച്ചുനടക്കണമെന്നു കർശന നിർദേശം നൽകും.

മറ്റ് ആശുപത്രികൾക്കും ജാഗ്രതാ നിർദേശം

ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.പനി കൂടാതെ മറ്റ് അനുബന്ധ രോഗങ്ങളുമായി വരുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക പനി ഒപിയും പ്രത്യേക പനി ക്ലിനിക്കുകളും തുടങ്ങണം.ആശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും സുരക്ഷാ മാനദണ്ഡങ്ങൾ, സുരക്ഷാ ഉപാധികളുടെ ഉപയോഗം എന്നിവ സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകണം. ചുമയുള്ളവർക്കു കവാടത്തിൽ തന്നെ മാസ്ക് വിതരണം ചെയ്യണം. വിളിക്കാം നിപ്പ സെൽ 1077 , ദിശ ഹെൽപ് ലൈൻ 1056