നിയമങ്ങൾ പാലിക്കാതെ സ്വകാര്യബസുകൾ

പൊൻകുന്നം∙ നിയമങ്ങൾ കാറ്റിൽ പറത്തി വാതിലുകൾ തുറന്നിട്ടുകൊണ്ടു സ്വകാര്യ ബസുകൾ പറക്കുന്നു. വളവുകൾ വീശിയെടുക്കുമ്പോൾ പുറത്തേക്കു വീഴാതിരിക്കുവാൻ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ഏറെ കഷ്ടപ്പെടുകയാണ്. ഇതെല്ലാം കണ്ടിട്ടും കൂസലില്ലാതെ ബസ് സർവീസുകൾ മത്സരിച്ച് ഓടുകയാണ്. ടൗണുകളിലെത്തുമ്പോൾ ബസുകളുടെ വാതിലുകൾ അടയ്ക്കാറേയില്ലെന്നു യാത്രക്കാർ. ഏതു സമയത്തും യാത്രക്കാർക്ക് ഓടി കയറുവാനായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്.

ഇവ മിക്കപ്പോഴും അടയ്ക്കുക ഏറെ നേരം കഴിഞ്ഞാണ്. വാതിലുകൾ തുറന്നിട്ടു വേഗമെടുത്ത് ഓടുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. മാസങ്ങൾക്കു മുൻപ് ഈരാറ്റുപേട്ടയിൽ സ്വകാര്യ ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു വീണ ഗർഭിണിയായ യുവതി മരിച്ചിരുന്നു. ബസ് വളവു തിരിയുന്നതിനിടെ തുറന്നുകിടന്ന വാതിലിലൂടെ യുവതി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡിൽ തലയടിച്ചായിരുന്നു അന്ത്യം.

∙ വാതിൽ രണ്ടു തരം

എയറിന്റെ സഹായത്താൽ അടയുകയും തുറക്കുകയും ചെയ്യുന്ന വാതിലുകളാണ് മിക്ക സ്വകാര്യ ബസുകളിലും ഉള്ളത്. ഇത് ഡ്രൈവർ നിയന്ത്രിക്കുന്നതും കണ്ടക്ടർക്കു മാത്രം നിയന്ത്രിക്കാവുന്നതുമായ രണ്ടു തരം വാതിലുകളാണ് ഉള്ളത്. ഭൂരിഭാഗം ബസുകളിലും ഡ്രൈവറുടെ നിയന്ത്രണത്തിലാണ് വാതിൽ. യാത്രക്കാർ കയറി കഴിഞ്ഞാൽ വാതിൽ അടയ്ക്കുകയാണ് ചെയ്യേണ്ടതെങ്കിലും മിക്കപ്പോഴും ഇതു പാലിക്കാറില്ല. അടുത്തടുത്തു സ്റ്റോപ്പുകൾ വരുന്നുണ്ടെങ്കിൽ വാതിലുകൾ അടയ്ക്കാറേയില്ലെന്നു ഭൂരിഭാഗം യാത്രക്കാരും പറയുന്നു.

ബസിൽ യാത്രക്കാർ നിറയുന്നതോടെ വാതിലിനു സമീപം നിൽക്കുന്ന യാത്രക്കാർ ജീവൻ കയ്യിലെടുത്താണ് യാത്രചെയ്യുന്നത്. ചില ബസുകളിലെ വാതിലുകൾ ഓട്ടത്തിനിടയിൽ തനിയെ തുറന്നു പോകാറുമുണ്ടെന്ന് യാത്രക്കാർ പരാതി പറയുന്നു. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണരുന്ന അധികൃതർ ഇതിനെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.