നിരാശയുടെ കുട ചൂടി സ്കൂൾ വിപണി


∙പുത്തൻ കുടയും കുട്ടിബാഗും വാട്ടർബോട്ടിലുമെല്ലാമായി സജീവമാകേണ്ട സ്കൂൾ വിപണി നിരാശയുടെ വക്കിലാണ്. കോവിഡ്–19, ലോക്ഡൗൺ എന്നിവയെല്ലാം എത്തിയതോടെ ഇക്കുറി സ്കൂൾ വിപണിയും വ്യാപാരികളെ കയ്യൊഴിഞ്ഞു.മേയ് പാതിയോടെ സജീവമാകേണ്ട സ്കൂൾ വിപണിയിൽ പ്രത്യേകിച്ച് ഉണർവുകളൊന്നുമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾ കൂടി ആരംഭിച്ചാൽ ഈ വർഷത്തെ സ്കൂൾ വിപണിയിലെ വ്യാപാരം പൂർണമായി നഷ്ടപ്പെടുമെന്ന് വ്യാപാരികൾ പറയുന്നു. 

 പ്രതിസന്ധിയിൽ ബാഗ് വിപണി

∙ വിപണി മുന്നിൽക്കണ്ട് പല വ്യാപാരികളും നേരത്തേ തന്നെ ബാഗിനും നോട്ട്ബുക്കുകൾക്കും കുടകൾക്കുമെല്ലാം ഓർഡർ നൽകിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ലോക്ഡൗൺ വന്നതിനെ തുടർന്ന് ലോഡ് പലർക്കും ലഭിച്ചില്ല. ജില്ലയിലെ വിപണി മുൻകൂട്ടി കണ്ട് പ്രഥമ ബാഗ് നിർമാതാക്കളെല്ലാം നിർമാണപ്രവർത്തനങ്ങൾ ജനുവരിയോടെ സജീവമാക്കിയിരുന്നു.

ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള 4 മാസത്തിനുള്ളിൽ ജില്ലയിൽ മാത്രം 2 കോടി രൂപയുടെ വിറ്റുവരവാണ് നടക്കാറുള്ളത്. സാധാരണ ഗതിയിൽ മേയ് ആദ്യമാസത്തോടെ ട്രെൻഡ് അറിയാൻ സാധിക്കും. ഈ സമയം നിർമാണം ഉയർത്തുകയാണ് ചെയ്യുന്നത്.ഈ സമയത്ത് സാധാരണ ഗതിയിൽ 5 ലക്ഷം സ്കൂൾ ബാഗുകളുടെ വിൽപന നടക്കേണ്ടതാണെന്ന് മാർവൽ ബാഗ് മാനേജിങ് പാർട്നർമാരായ പ്രദീപ് സി.സ്കറിയ, ജോബി ജോൺസ് എന്നിവർ പറയുന്നു. 

യൂണിഫോം വിപണിയും അവതാളത്തിൽ

∙ ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും ഇപ്പോൾ നേരിട്ടാണ് യൂണിഫോം വിതരണം നടക്കുന്നത്. മില്ലുകളിൽ നിന്നു നേരിട്ട് തുണി എത്തിച്ചു വിൽക്കുകയാണ് പതിവ്. എന്നാൽ സ്കൂൾ അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട ജോലികൾ ഒന്നും തന്നെ ആലോചിക്കാൻ പോലും ഇക്കുറി സമയം ലഭിച്ചില്ല. 50 കോടി രൂപയുടെ യൂണിഫോം അനുബന്ധ സാമഗ്രികളുടെ വ്യാപാരമാണ് നഷ്ടമായതെന്ന് വ്യാപാരികൾ പറയുന്നു.

നിർമാതാക്കൾ വിപണി മുൻകൂട്ടി കണ്ട് നോട്ട്ബുക്ക് നിർമാണവും ആരംഭിച്ചിരുന്നു. ഇവയെല്ലാം അവതാളത്തിലായി. ജില്ല റെഡ് സോണിലായതോടെ ഇവ വിൽക്കുന്ന കടകളൊന്നും തുറന്നില്ല. ഇനിയുള്ള ദിവസങ്ങളിൽ കാര്യമായ കച്ചവടവും വ്യാപാരികൾക്ക് പ്രതീക്ഷയില്ല. ഇതിനാൽ തന്നെ മുൻകൂട്ടി പണം നൽകിയ ഓർഡർ പിൻവലിക്കാമെന്ന ചിന്തയിലാണെന്ന് ചില കച്ചവടക്കാർ പറഞ്ഞു.

സ്കൂൾ തുറക്കൽ: തീരുമാനം നീളുന്നു

കോട്ടയം ∙ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾ 18ന് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും സ്കൂളുകൾ തുറക്കുന്ന തീയതി, അധ്യയനരീതി എന്നിവ സംബന്ധിച്ചുള്ള തീരുമാനം നീളുന്നു. ഫിറ്റ്നസ്, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവ ഉറപ്പാക്കാനുള്ള നിർദേശങ്ങൾ ജില്ലയിലെ സ്കൂളുകൾക്കു നൽകിയിട്ടുണ്ട്. ജൂണിൽ സ്കൂളുകൾ തുറക്കാനാകാതെ വന്നാൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കാനാണ് ആലോചിക്കുന്നത്.

ഇതിനായുള്ള ഓൺലൈൻ പരിശീലന ക്ലാസുകൾ വ്യാഴാഴ്ച അധ്യാപകർക്കു നൽകിത്തുടങ്ങി. രാവിലെ 10 മുതൽ 2.30 വരെയുള്ള ക്ലാസുകൾ ഈ മാസം 20 വരെ നീളും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിത്തുടങ്ങിയിട്ടില്ല.