നിരീക്ഷണ ക്യാമറകള്‍ ആര് സ്ഥാപിക്കും

എരുമേലി: രണ്ട് മാസക്കാലയളവിനുള്ളില്‍ കോടിക്കണക്കിന് അയ്യപ്പഭക്തര്‍ എരുമേലിയിലെത്തുന്നതായാണ് കണക്കുകള്‍. ശരാശരി ഓരോ ദിവസവുമെത്തുന്ന ഭക്തരുടെ എണ്ണം നോക്കിയാല്‍ ലക്ഷങ്ങള്‍ വരും. ഇതിനുപുറമെ തൊഴില്‍തേടിയെത്തുന്ന അന്യദേശക്കാര്‍ വേറെയും. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ചെറു പട്ടണമായ എരുമേലിയില്‍ ഇത്രയധികം ആള്‍ക്കാര്‍ ഒന്നിച്ചുകൂടുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കേണ്ടതല്ലേ….

പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍പോലും തീരുമാനമില്ല. ശബരിമല യോഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ആര് സ്ഥാപിക്കുമെന്നത് തര്‍ക്കവിഷയമായിരുന്നു. ഇപ്പോഴും അത് തര്‍ക്കമായി തുടരുന്നു.

ദേവസ്വം ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് പോലീസ് വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെടുന്നു. കുറ്റകൃത്യങ്ങള്‍, മോഷണങ്ങള്‍ എന്നിവ തടയുന്നതിനും തീര്‍ത്ഥാടനപാതകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുംവേണ്ടിയാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നത്. എന്നാല്‍, ഇതിന് സര്‍ക്കാര്‍ തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.