നിരീക്ഷണ ക്യാമറകൾ കണ്ണടച്ചതിന് എതിരെ ഹർജി

കാഞ്ഞിരപ്പള്ളി ∙ നഗരത്തിലെ നിരീക്ഷണ ക്യാമറകൾ കൺതുറക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് ലീഗൽ സർവീസസ് കോടതിയിൽ ഹർജി. നഗരത്തിലെ പേട്ടക്കവല, കുരിശുങ്കൽ ജംക്‌‌ഷൻ, ബസ് സ്റ്റാൻഡ് ജംക്‌‌ഷൻ, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് 16 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നത്. പൊലീസ് സ്റ്റേഷനിൽ വലിയ സ്ക്രീനിൽ നിരീക്ഷണ സംവിധാനവും ഒരുക്കിയിരുന്നു.

ടൗണിൽ നടന്ന നിയമലംഘനങ്ങൾ, അപകടങ്ങൾ, സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം എന്നിവ ക്യാമറ നിരീക്ഷണത്തിൽ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നു. എന്നാൽ സമീപകാലത്ത് ക്യാമറകൾ പ്രവർത്തനരഹിതമായി. ഇതോടെ പിയുസിഎൽ ജില്ലാ ജനറൽ സെക്രട്ടറി എച്ച്. അബ്ദുൽ അസീസ് ആണ് ലീഗൽ സർവീസസ് കോടതിയിൽ പരാതി നൽകിയത്. പഞ്ചായത്ത് സെക്രട്ടറി, പൊലീസ് സർക്കിൾ ഇൻസ്പെക്ടർ, പൊൻകുന്നം ജോയിന്റ് ആർഡിഒ എന്നിവരോട് 22ന് കോടതിയിൽ ഹാജരാകാൻ അദാലത്ത് കമ്മിറ്റി ചെയർമാൻ ഉത്തരവിട്ടു.