നിരോധനാ​ജ്ഞ തീരാനിരിക്കെ ചിറക്കടവിൽ വീണ്ടും അക്രമം

പൊൻകുന്നം∙ രാഷ്ട്രീയ സംഘർഷത്തെ തുടർന്നു നിരോധനാജ്ഞ നിലനിൽക്കുന്ന ചിറക്കടവു പഞ്ചായത്തിൽ നിരോധനാജ്ഞ തീരാനിരിക്കെ വീണ്ടും അക്രമം. ചിറക്കടവിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും കോയിപ്പള്ളി കോളനിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറും ഇന്നലെ രാത്രിയിൽ അടിച്ചുതകർത്തു. നിരോധനാജ്ഞ ഇന്നു വൈകിട്ടു പിൻവലിക്കാനിരിക്കുകയായിരുന്നു.

മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറിയും ഐഎസ്എം ജില്ലാ ഭാരവാഹിയും മാധ്യമ പ്രവര്‍ത്തകനുമായ ടി.എസ്.ഷിഹാബുദീന്റെ കോയിപ്പള്ളി കോളനി റോഡിൽ നിർത്തിയിട്ടിരുന്ന കാറും പൊൻകുന്നം – മണിമല റോഡിൽ ചിറക്കടവ് പുളിമൂട് ജംക്‌ഷനിൽ വിമുക്തഭടനായ കുമ്മണ്ണൂർ രവീന്ദ്രൻ നായരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറുമാണ് അക്രമികൾ തകർത്തത്. ഇന്നു പുലർച്ചെ മൂന്നോടെയാണു പൊൻകുന്നം-തമ്പലക്കാട് റോഡിൽ കോയിപ്പള്ളിയിൽ ഷിഹാബുദീന്റെ വാഹനത്തിന്റെ എല്ലാ ചില്ലുകളും അടിച്ചുപൊട്ടിച്ചത്.

ചിറക്കടവ് കുമ്മണ്ണൂർ രവീന്ദ്രൻ നായരുടെ കാറിന്റെ നാലു വശങ്ങളിലെയും ഗ്ലാസുകൾ തകർത്തിട്ടുണ്ട്. ഇന്നലെ രാത്രി 12.30നായിരുന്നു ആക്രമണം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നിരുന്നെങ്കിലും പുറത്തിറങ്ങിയില്ല. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണു കാർ അടിച്ചുതകർത്തത്. ബൈക്കു യാത്രക്കാർക്കു പിന്നിലായി ഇന്നോവ കാർ അകമ്പടി വന്നിരുന്നതായി വീട്ടുകാർ പറയുന്നു. അക്രമങ്ങൾക്കു പിന്നിലാരാണെന്നു കണ്ടെത്താനായിട്ടില്ല. ഫൊറൻസിക് വിദഗ്ധർ രണ്ടു വാഹനങ്ങളും പരിശോധിച്ചെങ്കിലും പ്രതികളെക്കുറിച്ചു സൂചനകൾ ലഭിച്ചിട്ടില്ല.

ചിറക്കടവിലെ നിലവിലുള്ള സാഹചര്യം സംബന്ധിച്ചു പൊലീസ് കലക്ടർക്കു റിപ്പോർട്ട് നൽകിയിരിക്കുകയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരോധനാജ്ഞ നീട്ടുന്നതു സംബന്ധിച്ചു കലക്ടറാണു തീരുമാനം എടുക്കുക. ഷിഹാബുദീന്റെ കാർ തല്ലിത്തകർത്ത സംഭവത്തിലുൾപ്പെട്ടവരെ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ അധികൃതർ തയാറാകണമെന്ന് ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ മുണ്ടക്കയം ആവശ്യപ്പെട്ടു.