നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

കരിമ്പുകയം: കരിമ്പുകയം ചെക്ക്ഡാമിന്റെയും കോസ്‌വേയുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും ശുദ്ധജലം എത്തിക്കാന്‍ സാധിക്കുമെന്നു പ്രസിഡന്റ് ഷക്കീലാ നസീര്‍ പറഞ്ഞു. കരിമ്പുകയത്തുനിന്നു പമ്പ് ചെയ്തു ഫില്‍ട്ടര്‍ ചെയ്ത് എത്തിക്കുന്ന ശുദ്ധജലം ചിറക്കടവ്, എലിക്കുളം, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എന്നീ പ്രദേശങ്ങളില്‍ നല്കാന്‍ സാധിക്കും.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എ തുടങ്ങിവച്ച പദ്ധതി ഇപ്പോള്‍ ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ ഫണ്ട് മുഖേനയൊണ് പൂര്‍ത്തീകരിക്കുന്നത്. ചേനപ്പാടിയില്‍ താമസിക്കുന്ന ഭക്തജനങ്ങള്‍ക്കു കോസ്‌വേ പൂര്‍ത്തിയാകുന്നതോടെ ഇളങ്കാവ് ക്ഷേത്രത്തില്‍ എളുപ്പത്തില്‍ എത്തുവാന്‍ സാധിക്കും.

കല്ലറക്കാവ് മുതല്‍ ചെക്ക് ഡാം വരെ പിഡബ്ല്യുഡിയെക്കൊണ്ട് റോഡ് ഏറ്റെടുപ്പിക്കുവാന്‍ ശ്രമിക്കുമെന്നും ഷക്കീല നസീര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാടന്‍, വാര്‍ഡ് മെംബര്‍ റിജോ വാളാന്തറ എന്നിവരും പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.