നിലയ്ക്കൽ വരെ ആകാശമാർഗം യാത്രക്ക് ഹെലികോപ്റ്റർ സർവീസ്.

എരുമേലി : നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശബരിമല തീർഥാടകർക്ക് ഇനി നിലയ്ക്കൽ വരെ ആകാശമാർഗം യാത്ര തുടരാൻ ഹെലികോപ്റ്റർ സർവീസ് തുടങ്ങുന്നു. അടുത്ത മണ്ഡല– മകരവിളക്കു തീർഥാടന കാലത്താണ് കാലടിയിൽ നിന്നു നിലയ്ക്കലിലേക്ക് ഹെലികോപ്റ്റർ സർവീസ് തുടങ്ങുക. നവംബർ 17 മുതൽ ജനുവരി 16 വരെയാണ് എയർ ടാക്സി സംവിധാനം. ശബരി സർവീസസാണ് എയർ ടാക്സി ഒരുക്കുന്നത്. പൈലറ്റ് ഉൾപ്പെടെ 4 പേർക്ക് കയറാവുന്ന ഹെലികോപ്റ്റർ ആണ് ഉപയോഗിക്കുക. യാത്രാ സമയം 35 മിനിറ്റ് ആണെന്ന് സർവീസസ് അധികൃതർ അറിയിച്ചു. ദിവസവും ഇരു റൂട്ടിലും ആറു വീതം ട്രിപ്പുകൾ ഉണ്ടാകും.

എരുമേലിയിൽ മുമ്പ് ഹെലിപ്പാഡ് നിർമിച്ച് ഹെലികോപ്റ്റർ സർവീസും പരീക്ഷണ പാറക്കലും ശബരിമലയിലേക്ക് നടത്തിയിട്ടുള്ളതാണ്. ബിജെപി എംപി യും ഏഷ്യാനെറ്റ്‌ ചെയർമാനുമായ രാജീവ്‌ ചന്ദ്രശേഖരൻ എരുമേലി വഴി ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ എത്തി ശബരിമല ദർശനം നടത്തിയിരുന്നു. ശബരിമല സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും തീർത്ഥാടന കാലങ്ങളിൽ ഹെലികോപ്റ്ററിൽ ആകാശ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മഹാ പ്രളയകാലത്ത് ഹെലികോപ്റ്റർ സേവനം എരുമേലിയിലെ കിഴക്കൻ മലയോര മേഖലക്ക് ലഭിച്ചിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാ ആണ് പ്രളയ കാലത്ത് ഭക്ഷണവും മരുന്നും എത്തിക്കാൻ എയ്ഞ്ചൽവാലിയിലേക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചത്. മേഖലയിൽ പണ്ട് വലിയ റബർ എസ്റ്റേറ്റുകളിൽ തുരിശടിക്കാൻ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചിരുന്നു. അന്നത്തെ ഹെലിപ്പാഡാണ് ഇപ്പോൾ ചെമ്പകപ്പാറയിൽ പാറമടയിലുള്ളത്.