നിഷാ ജോസ് സജീവ രാഷ്ട്രീയത്തിലേക്ക്: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പി സി ജോർജിനെതിരെ പൂഞ്ഞാറിൽ മത്സരിച്ചേക്കും, മാണി ഒഴിഞ്ഞാൽ പാലായിൽ

: ജോസ് കെ മാണി എംപി യുടെ പത്നി നിഷാ ജോസ് സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഒരുങ്ങുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി കേരളാ കോൺഗ്രസ് രാഷ്‌ടീയത്തിൽ സജീവമാകാനാണ് പദ്ധതി. മരുമകളെ രാഷ്രിയത്തിലേക്കു കൊണ്ടുവരാൻ മാണിക്ക് താല്പര്യമാണ്. രാഷ്ട്രീയത്തിൽ മകനെക്കാൾ മിടുക്കുകാട്ടുന്നതു മരുമകളാകുമെന്നാണ് മാണിയുടെ വിലയിരുത്തൽ. അതേ സമയം, നിഷയുടെ രാഷ്ട്രീയ പ്രവേശനത്തിൽ ജോസ് കെ മാണിക്ക് വിരുദ്ധാഭിപ്രായമാണുള്ളതെന്നറിയുന്നു.

വ്യക്തിപരമായി നിഷ രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരുക്കങ്ങളിലാണ്. നിഷയുടെ കുടുംബത്തിനും ഇതിൽ വലിയ താല്പര്യമുണ്ട് എന്നാണറിയുന്നത്. ഏറെക്കാലമായി സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാണ് നിഷ. ശ്രദ്ധേയമായ നിലയിൽ അത് മുന്നോട്ടു കൊണ്ട് പോകുകായും ചെയ്യുന്നുണ്ട്. നിഷയുടെ നേതൃത്വത്തിൽ നടത്തുന്ന കാൻസർ കെയർ പോലുള്ള ചിലത് വലിയ പൊതു ശ്രദ്ധ നേടിയിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ തന്റെ പുസ്തകം വിവാദമായതിൽ നിഷയ്ക്ക് സന്തോഷമേയുള്ളൂ. ആ പരാമർശങ്ങളിൽ നിഷ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. പിസി ജോർജിനെതിരെ കടുത്ത എതിർപ്പാണ് നിഷക്കുള്ളത് . ജോസ് കെ മാണിക്ക് മിതമായ നിലപാടും. വേണ്ടി വന്നാൽ പി സി ജോർജിനെതിരെ പൂഞ്ഞാറിൽ മത്സരത്തിന് നിൽക്കാനും അവർ ഒരുക്കം. അത് മാണിക്ക് നന്നെ ബോധിക്കുകയും ചെയ്തു.

ഒരു വട്ടം കൂടി പാലായിൽ തുടരാമെന്നാണ് മാണി കരുതുന്നത്. മാണി പാലാ മണ്ഡലം ഒഴിയാൻ തീരുമാനിക്കുന്ന പക്ഷം നിഷ പാലായിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തിയാലും അത്ഭുതപ്പെടാനില്ല. എന്നാൽ നിഷ പൂഞ്ഞാറിൽ മത്സരിക്കുന്നതിനോട് പാർട്ടിക്കും വലിയ താല്പര്യമാണുള്ളത്. കഴിഞ്ഞ തവണ 27821 വോട്ടിനായിരുന്നു പൂഞ്ഞാറിലെ പി സി ജോർജിന്റെ വിജയം. എന്നാൽ നിഷ പൂഞ്ഞാറിൽ മത്സരത്തിനെത്തിയാൽ പി.സി ജോർജിന് അത് കനത്ത വെല്ലുവിളി സൃഷ്ട്ടിക്കും എന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ പൊതുവെയുള്ള വിലയിരുത്തൽ.