നിർണായകമായ പാലാ ഉപതിരഞ്ഞെടുപ്പ് അരികെ; ആരൊക്കെയാകും സ്ഥാനാർഥികൾ?

∙ മുന്നണികൾക്ക് ഇടക്കാല പരീക്ഷയ്ക്കു വഴിയൊരുക്കി പാലാ ഉപതിരഞ്ഞെടുപ്പ് അരികെ. കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കാനാണ് സാധ്യത. വിജയം മാത്രമല്ല പാലായിൽ കിട്ടുന്ന ഓരോ വോട്ടും മൂന്നു മുന്നണികൾക്കും നിർണായകമാണ്.

ഒരുക്കങ്ങൾക്ക് തുടക്കം

കേരള കോൺഗ്രസ് (എം) മണ്ഡലം കൺവൻഷനുകൾ ആരംഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ മണ്ഡലത്തിൽ പൊതുപരിപാടികൾ പങ്കെടുക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 21ന് പ്രവർത്തനങ്ങൾ വിലയിരുത്താൻ കോട്ടയത്ത് എത്തും. നാളെ കോട്ടയത്തു ചേരുന്ന എൻഡിഎ യോഗവും പാലായിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കുന്നുണ്ട്.

യുഡിഎഫ്

ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിനു ശേഷം വരുന്ന പാലാ ഉപതിരഞ്ഞെടുപ്പ് യൂഡിഎഫിന് ഏറെ പ്രധാനം. 54 വർഷം കെ.എം. മാണിയെ വിജയിപ്പിച്ച സീറ്റിൽ അദ്ദേഹത്തിന്റെ നിര്യാണ ശേഷം വിജയം യുഡിഎഫിന് അനിവാര്യം. കേരള കോൺഗ്രസിന്റെ (എം) പുതിയ പിളർപ്പിനു ശേഷമാണ് പാലാ ഉപതിരഞ്ഞെടുപ്പ്. പാലായിൽ ശക്തി തെളിയിക്കേണ്ടതു ജോസ് കെ. മാണി വിഭാഗത്തിന്റെ നിലനിൽപിന്റെ പ്രശ്നം കൂടിയാണ്. പി.ജെ. ജോസഫിനും ജോയി എബ്രാഹാമിനും സ്വാധീനമുള്ള മേഖല കൂടിയാണ് പാലാ.

എൽഡിഎഫ്

ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ ക്ഷീണം തീർക്കാൻ സിപിഎമ്മിനുള്ള പോംവഴിയാണ് പാലാ. സിപിഎം പാലാ സീറ്റ് ഏറ്റെടുക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ ആ പരീക്ഷണത്തിനു മുതിരാതെ എൻസിപിക്കു തന്നെ സീറ്റു നൽകി. മൂന്നു വട്ടം കെ.എം. മാണിക്കെതിരെ മത്സരിച്ച മാണി സി. കാപ്പനെ എൽഡിഎഫ് സ്ഥാനാർഥിയായി അംഗീകരിക്കുകയും ചെയ്തു.

എൻഡിഎ

എൻഡിഎയ്ക്കു കാൽ ലക്ഷത്തിലേറെ വോട്ടു ലഭിച്ച പാലായിൽ ബിജെപിക്കും പ്രതീക്ഷ ഏറെയാണ്. എൻഡിഎ ഘടക കക്ഷിയായ കേരള ജനപക്ഷം പാലാ സീറ്റിൽ നേരത്തെ താൽപര്യം കാണിച്ചിരുന്നു. പി.സി. ജോർജിന്റെ മകൻ ഷോൺ പാലായിൽ മത്സരിക്കുമെന്നും കേട്ടിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയതോടെ ജനപക്ഷത്തിനു ബിജെപി ബാന്ധവത്തിൽ വലിയ താൽപര്യവുമില്ല. റബറിനു വില കൂട്ടിയില്ലെങ്കിൽ ആ പേരിൽ എൻഡിഎ വിടാനും ജനപക്ഷത്ത് ആലോചനയുണ്ട്. എൻഡിഎയുടെ മറ്റൊരു ഘടക കക്ഷിയായ പി.സി. തോമസിനും പാലായിൽ വ്യക്തിബന്ധങ്ങളുണ്ട്. പി.സി. തോമസിന്റെ കേരള കോൺഗ്രസ് ഇതുവരെ പാലായിൽ താൽപര്യം പരസ്യമായി പറഞ്ഞിട്ടില്ല.

ആരാകും സ്ഥാനാർഥി?

കെ.എം. മാണിയുടെ മനസ്സായിരുന്നു ഇതുവരെ കേരള കോൺഗ്രസിന്റെ (എം) സ്ഥാനാർഥി നിർണയത്തിൽ പ്രധാനം. ഇത്തവണ പാലായിൽ യുഡിഎഫും കാത്തിരിക്കുന്നത് കെ.എം. മാണിയുടെ കുടുംബത്തിന്റെ അഭിപ്രായത്തിനാണ്. ഒരാഴ്ചയ്ക്കുള്ളിൽ കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്നുള്ള തീരുമാനം ഉണ്ടായേക്കാം. ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണിയുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്. ഭാവിയിൽ പാലാ സീറ്റിൽ ജോസ് കെ. മാണി മൽസരിക്കാനുള്ളതാണെന്ന് അഭിപ്രായവും പാർട്ടിയിലുണ്ട്.

അങ്ങനെയാണെങ്കിൽ ഒരു ഇടക്കാല തിരഞ്ഞെടുപ്പിലെ ഇടക്കാല സ്ഥാനാർഥിയാണ് തൽക്കാലം കേരള കോൺഗ്രസിന്റെ മനസ്സിലെന്നും കരുതാം. മാണി സി. കാപ്പനെ നേരത്തെ തന്നെ എൻസിപി പ്രഖ്യാപിച്ചു കഴിഞ്ഞതോടെ എൽഡിഎഫ് ക്യാംപിൽ സ്ഥാനാർഥി ചർച്ച കാര്യമായി നടന്നില്ല. ബിജെപിയിൽ ഏതാനും നേതാക്കൾ പാലായ്ക്കായി രംഗത്തുണ്ട്. 2016 ൽ ജില്ലാ പ്രസിഡന്റ് എൻ. ഹരിയാണ് മത്സരിച്ചത്. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് സി.കെ. ജയസൂര്യന്റെ പേരും ചർച്ചയിലുണ്ട്.