നിർമാണം കഴിഞ്ഞു; ഇനി വേണ്ടത് അനുമതി

മുണ്ടക്കയം ∙ നിർമാണം പൂർത്തീകരിച്ചെങ്കിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ തുടർനടപടികൾ വൈകുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഴയ കംഫർട്ട് സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫിസിനു ശാപമോക്ഷം ഇനിയും അകലെ. വകുപ്പുതല തീരുമാനങ്ങൾ വൈകുന്നതാണ് ഉദ്ഘാടനം വൈകുവാൻ കാരണം. പുത്തൻചന്തയിലുള്ള പഞ്ചായത്തുവക സ്ഥലത്ത് 69 ലക്ഷം രൂപ വിനിയോഗിച്ചാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമിച്ചത്.

സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, ഗാരിജ്, പ്ലാറ്റ്ഫോം എന്നിവ ഉൾപ്പെടെ നിർമാണം പൂർത്തിയായി. നിർമാണം പൂർത്തീകരിച്ചിട്ടും ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കുവാനുള്ള അനുമതി കെഎസ്ആർടിസിയിൽനിന്നും സർക്കാർ തലത്തിൽ നിന്നും വൈകുകയാണ്. ബസ് സ്റ്റാൻഡ് യാഥാർഥ്യമായാൽ കുമളി ഭാഗത്തുനിന്ന് എത്തുന്ന ബസുകൾക്ക് 34–ാം മൈൽ മുളംങ്കയം പാലംകടന്ന് എരുമേലി റൂട്ടിലൂടെ സ്റ്റാൻഡിൽ എത്താൻ സാധിക്കും.

മണിമലയാറിന്റെ കരയിലൂടെ പൈങ്ങനയിൽ എത്തിച്ചേരുന്ന രീതിയിൽ വിഭാവനം ചെയ്തിരിക്കുന്ന ബൈപാസിന്റെ നിർമാണം പൂർത്തിയായാൽ കോട്ടയം ഭാഗത്തുനിന്നു വരുന്ന ബസുകൾക്കു ടൗണിൽ കയറാതെ പുത്തൻചന്തയിൽ എത്തുവാനും കഴിയും. ഇതു ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരവുമാകും.