നിർമാണ മേഖലയിലെ പ്രവർത്തികൾക്ക് ജിഎസ്ടി എട്ടു ശതമാനമാക്കണം

കാഞ്ഞിരപ്പള്ളി∙ നിർമാണ മേഖലയിലെ പ്രവർത്തികൾക്കുള്ള ജിഎസ്ടി നിരക്ക് എട്ടു ശതമാനമായി കുറയ്ക്കണമെന്ന് ലൈസൻസ്ഡ് എൻജിനീയേർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് സ്പേഡ് ) പൊൻകുന്നം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. നോട്ടു നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയതു മൂലം നിർമാണ മേഖല നിശ്ചലമായ അവസ്ഥയാണ്.

ഇതു കൂടാതെ ക്വാറികളിൽ മെറ്റൽ, ക്രഷർ മണൽ എന്നിവയ്ക്കു കൃത്രിമ ക്ഷാമം ഉണ്ടാക്കി നിർമാണ സാമഗ്രികൾക്ക് അന്യായ വില ഈടാക്കുന്നതായും ലെൻസ് സ്പേഡ് ഭാരവാഹികൾ ആരോപിച്ചു. കെട്ടിട നിർമാണ സാമഗ്രികൾക്കെല്ലാം അനിയന്ത്രിതമായി വില വർധിക്കുന്നതുമൂലം സാധാരണക്കാരുടെ വീടു നിർമാണം പോലും നടക്കുന്നില്ല.

ജിഎസ്ടി നിരക്ക് എട്ടു ശതമാനമാക്കി കുറയ്ക്കുക, മണൽ ഇറക്കുമതി ചെയ്യുക, പ്രാദേശിക നിർമാണ സാമഗ്രികളുടെ വില നിശ്ചയിക്കുവാൻ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല സമിതി രൂപീകരിക്കുക, സംസ്ഥാനത്ത് ഭൂമിയുടെ തരംതിരിവ് പ്രഖ്യപിച്ചുകൊണ്ടുള്ള ഡേറ്റാബാങ്ക് അടിയന്തരമായി പ്രസിദ്ധീകരിക്കുക, ചെറുകിട ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ലെൻസ് സ്പേഡ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കുമെന്ന് ഏരിയാ പ്രസിഡന്റ് അനിൽ കെ.മാത്യു, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.എസ്.അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ജനീവ് എന്നിവർ അറിയിച്ചു.