നെല്‍സണ്‍ മണ്ടേല അന്തരിച്ചു

mandelaജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റും നൊബേല്‍ ജേതാവുമായ നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു. പ്രസിഡന്റ് ജേക്കബ് സുമയാണ് ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ടി.വിയിലൂടെ രാജ്യത്തിന്റെ വിമോചനനായകന്റെ മരണവാര്‍ത്ത പ്രഖ്യാപിച്ചത്. ഏറെനാളായി രോഗബാധിതനായി കഴിയുകയായിരുന്നു മണ്ടേല. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച 2010ലെ ലോകകപ്പ് ഫുട്ബാളാണ് അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്.

വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ മണ്ടേല 27 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് 1990 ലാണ് ജയില്‍ മോചിതനായത്. വെള്ളക്കാര്‍ അധികാരം ഒഴിഞ്ഞശേഷം 1994 മുതല്‍ 99വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. 99-ല്‍ അധികാരത്തില്‍നിന്ന് സ്വയം ഒഴിഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ് പ്രവിശ്യയിലെ ഉംടാട ജില്ലയിലെ മവേസോ ഗ്രാമത്തില്‍ 1918 ജൂലായ് 18 നാണ് മണ്ടേല ജനിച്ചത്. കേപ് പ്രവിശ്യയിലെ ട്രാന്‍സ്‌കെയിന്‍ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തില്‍പ്പെട്ടയാളാണ് മണ്ടേല. പിതാവ് ഗാഡ്‌ല ഹെന്‍റി മ്ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്. ഏഴാമത്തെ വയസിലാണ് മണ്ടേല വിദ്യാഭ്യാസമാരംഭിച്ചത്. സ്‌കൂളില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകരില്‍ ഒരാളായിരുന്നു നെല്‍സണ്‍ എന്ന പേരു കൂടി നല്‍കിയത്.മെട്രികുലേഷന്‍ പാസ്സായശേഷം ഫോര്‍ട്ട് ഹെയര്‍ യൂണിവേര്‍സിറ്റിയില്‍ ചേര്‍ന്ന മണ്ടേല ആദ്യവര്‍ഷം തന്നെ സ്റ്റുഡന്റ് റപ്രസന്റേറ്റിവ് കൗണ്‍സില്‍ യൂണിവേര്‍സിറ്റി നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ സമര ജീവിതം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി പുറത്താക്കി.

ഒമ്പതാം വയസില്‍ പിതാവിന്റെ മരണശേഷം റീജന്റ് ജോണ്‍ഗിന്റാബ മണ്ടേലയുടെ രക്ഷാകര്‍ത്തസ്ഥാനം ഏറ്റെടുത്തിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തായ മണ്ടേലയെ വിവാഹം കഴിപ്പിക്കാന്‍ ജോണ്‍ഗിന്റാബ തീരുമാനിച്ചു. എന്നാല്‍ ഇതില്‍ താല്‍പര്യമില്ലാതിരുന്ന മണ്ടേല ജോഹന്നാസ്ബര്‍ഗിലേക്ക് ഓടിപ്പോയി.അവിടെ ഒരു ഖനിയില്‍ കാവല്‍ക്കാരനായി ജോലിചെയ്തുവെങ്കിലും റീജന്റിന്റെ ദത്തുപുത്രനാണെന്നറിഞ്ഞപ്പോള്‍ മണ്ടേലയെ അവിടെനിന്നും പിരിച്ചുവിട്ടു. പിന്നീട് അദ്ദേഹം ഒരു അഭിഭാഷകന്റെ സഹായിയായി ജോലിചെയ്യുകയും യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ആഫ്രിക്കയില്‍നിന്നും ബിരുദം നേടുകയും യൂണിവേഴ്‌സിറ്റി ഓഫ് വിറ്റ്‌വാട്ടേര്‍ഴ്‌സ്‌രാന്‍ഡില്‍ നിയമപഠനം തുടങ്ങുകയും ചെയ്തു. ഇതോടൊപ്പം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായ മണ്ടേലയുടെ നേതൃത്വത്തിലാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗം നിലവില്‍ വന്നത്.

യൂറോപ്യന്‍ വംശജരായ ആഫ്രിക്കക്കാര്‍ക്ക് ആധിപത്യമുള്ളതും, വര്‍ണ്ണവിവേചനത്തിനും വംശീയമായ വേര്‍തിരിവിനും വേണ്ടി നിലകൊണ്ടിരുന്നതുമായ നാഷണല്‍ പാര്‍ട്ടിയുടെ ഭരണത്തിനെതിരെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1952ലെ സമരത്തിലും 1955ലെ പീപ്പിള്‍സ് കോണ്‍ഗ്രസ്സിലും മണ്ടേല സജീവമായി പങ്കെടുത്തിരുന്നു. ഈ സമയത്ത് മണ്ടേല സുഹൃത്തായ ഒളിവര്‍ തംബുവിനോടൊന്നിച്ച്, കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നിയമസഹായം നല്‍കാനായി, മണ്ടേല ആന്റ് തംബൊ എന്ന സ്ഥാപനവും രൂപവത്കരിച്ചിരുന്നു.

മഹാത്മാ ഗാന്ധിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അഹിംസാമാര്‍ഗ്ഗത്തില്‍ സമരം തുടങ്ങിയ മണ്ടേല പിന്നീട് അഹിംസാമാര്‍ഗ്ഗം ഉപേക്ഷിച്ച് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സായുധ വിഭാഗമായ എം.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഉംഖോണ്ടൊ വി സിസ്വെയുടെ തലവനായി സൈന്യത്തിനും സര്‍ക്കാരിനുമെതിരെ അട്ടിമറിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ഭാവിയില്‍ ഗറില്ല യുദ്ധം നടത്താന്‍ വേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് 1962 ആഗസ്റ്റ് 5ന് 17 മാസത്തോളം ഒളിവില്‍ കഴിഞ്ഞ മണ്ടേല അറസ്റ്റ് ചെയ്യപ്പെടുകയും അഞ്ചു വര്‍ഷം തടവിന് വിധിക്കപ്പെടുകയും ചെയ്തു. പിന്നീട് അറസ്റ്റിലായ പ്രധാന എ.എന്‍സി നേതാക്കളോടൊപ്പം 1964 ഏപ്രില്‍ 20 ന് പ്രിട്ടോറിയയിലെ സുപ്രീം കോടതിയില്‍ മണ്ടേല വീണ്ടും വിചാരണ നേരിട്ടു. അട്ടിമറി,വിദേശാധിപത്യത്തിനു വഴിതെളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി തുടങ്ങിയ രാജ്യദ്രോഹക്കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ആരോപിച്ചത്. മണ്ടേലയും കൂട്ടരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

തുടര്‍ന്ന് 18 വര്‍ഷം റോബന്‍ ദ്വീപിലെ ജയിലിലായിരുന്നു മണ്ടേല. ഇക്കാലത്ത് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്റെ വിദൂര പഠനപരിപാടിയിലൂടെ ബാച്ചിലര്‍ ഒഫ് ലോ ബിരുദം അദ്ദേഹം കരസ്ഥമാക്കി.1982 മാര്‍ച്ചില്‍ മണ്ടേലയെ പോള്‍സ്മൂര്‍ ജയിലിലേക്ക് മാറ്റി.
1985 ഫിബ്രുവരിയില്‍ പ്രസിഡന്റ് പി.ഡബ്ല്യു.ബോത്ത ഉപാധികള്‍ക്കു വിധേയമായി മണ്ടേലക്ക് ജയില്‍മോചനം വാഗ്ദാനം ചെയ്തു, ചില മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തു. എന്നാല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിരോധനം നിലവിലുള്ള കാലത്തോളം തനിക്ക് സ്വാതന്ത്ര്യം വേണ്ടെന്നു അറിയിച്ച മണ്ടേല ഈ വാഗ്ദാനം നിരസിക്കുകയാണുണ്ടായത്.

മണ്ടേല വിട്ടയക്കാന്‍, ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായി. 1989 ല്‍ പ്രസിഡന്റ് ബോത്തയ്ക്ക് പകരം ഫ്രഡറിക് ഡിക്ലര്‍ക്ക് സ്ഥാനമേറ്റെടുക്കയും മണ്ടേലയുടേ മോചനം പ്രഖ്യാപിക്കുകയും ചെയ്തു. 1990 ഫിബ്രുവരി 11 ന് പ്രസിഡന്റ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും എന്‍. സിയുടെയും മറ്റു വര്‍ണ്ണവിരുദ്ധപ്രസ്ഥാനങ്ങളുടെയും മേലെയുണ്ടായിരുന്ന നിരോധനം എടുത്തുമാറ്റുകയും മണ്ടേലയെ തടവിലിനിന്നും വിട്ടയക്കുമെന്നും പ്രസ്താവിച്ചു. ഫെബ്രുവരി 11നു മണ്ടേലയെ വിക്റ്റര്‍ വേര്‍സ്റ്റര്‍ ജയിലില്‍നിന്നും മോചിതനാക്കി.

മോചിതനായതിനെത്തുടര്‍ന്ന് മണ്ടേല പാര്‍ട്ടി നേതൃത്വത്തിലേക്ക് മടങ്ങിവരികയും ആദ്യത്തെ ബഹുവര്‍ഗ്ഗപ്രാതിനിധ്യമുള്ള തിരഞ്ഞെടുപ്പിനു വഴിതെളിച്ച ബഹുകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. 1994 ഏപ്രില്‍ 27 നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് 62 ശതമാനം വോട്ടുകള്‍ നേടുകയും മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഫ്രഡറിക് ഡിക്ലര്‍ക്കിനോടൊപ്പം 1993ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ട മണ്ടേലയ്ക്ക് 1990ലെ ഭാരതരത്‌നം പുരസ്‌കാരവും ലഭിച്ചു. ഈ പുരസ്‌കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം.ലോങ് വാക് ടു ഫ്രീഡം ആണ് ആത്മകഥ. മൂന്നു തവണ വിവാഹിതനായ മണ്ടേലക്ക് ആറു മക്കളും 20 ചെറുമക്കളുമുണ്ട്.