നേർച്ചപ്പാറ റോഡ് തകർന്നു: യാത്രാക്ലേശത്തിൽ വലഞ്ഞ് നാട്ടുകാർ

എരുമേലി∙ നേർച്ചപ്പാറ റോഡ് തകർന്നതിനെ തുടർന്നു കടുത്ത യാത്രാദുരിതം. സ്കൂൾ കുട്ടികൾ അടക്കം ആയിരക്കണക്കിന് ആളുകൾ യാത്രചെയ്യുന്ന പാതയിൽ മഴക്കാലമായതോടെ യാത്ര അതീവ ദുഷ്കരമായി. എരുമേലി കാഞ്ഞിരപ്പള്ളി പാതയിൽ സെന്റ് തോമസ് ഹൈസ്കൂൾ പടിക്കൽനിന്ന് ആരംഭിക്കുന്ന പാത നേർച്ചപ്പാറ, കവുങ്ങുംകുഴി പ്രദേശങ്ങളെയാണു ബന്ധിപ്പിക്കുന്നത്.

ഈ പാതയുടെ ഓരത്താണ് എരുമേലി സെന്റ് തോമസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി, നിർമല സ്കൂൾ, അൽഫോൻസ സ്കൂൾ, ജീവൻജ്യോതി സ്കൂൾ, അസംപ്ഷൻ ഫൊറോന പള്ളി, നേർച്ചപ്പാറ ജലവിതരണ ടാങ്ക് എന്നിവ പ്രവർത്തിക്കുന്നത്. കവുങ്ങുംകുഴി മാലിന്യസംസ്കരണ പ്ലാന്റിലേക്കു പോകാനും ഈ പാത ഉപയോഗിക്കുന്നു.

വിവിധ സ്കൂളുകളിലായി ആയിരക്കണക്കിനു വിദ്യാർഥികളാണു പഠിക്കുന്നത്. മഴയിൽ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞു യാത്ര അതികഠിനമായിരിക്കുന്നു. കഴിഞ്ഞ കുറെ വർഷമായി പഞ്ചായത്ത് അധികൃതർ പാതയിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഇനി പൂർണമായി ടാറിങ് നടത്തേണ്ടിവരും.