നോക്കുകൂലി ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്ന് ഇടതു ‌ട്രേഡ് യൂണിയൻ

കാഞ്ഞിരപ്പള്ളി∙ കോൽത്തടി കയറ്റുന്നതിനു നോക്കുകൂലി ആവശ്യപ്പെട്ടു എന്ന തടി വ്യാപാരിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇടതു ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. യൂണിയൻ പ്രതിനിധികളും കോൽത്തടി വ്യാപാരികളുമായി ഉണ്ടാക്കിയ കരാർപ്രകാരം ക്രെയിൻ ഉപയോഗിച്ചു തടികയറ്റുന്നതിനെ യൂണിയനുകൾ എതിർക്കില്ല.

ലോറിയിൽ കയറ്റുന്ന തടി കെട്ടിമുറുക്കുന്നതും മറ്റുമുള്ള അനുബന്ധ ജോലികൾ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടു ചെയ്യിപ്പിക്കുന്നതിനെയും തൊഴിലാളികളുടെ തൊഴിൽ അവകാശത്തെ നിഷേധിക്കുന്നതിനെയുമാണ് എതിർത്തതെന്നു യൂണിയൻ നേതാക്കൾ പറഞ്ഞു.

തടി വ്യാപാരിയായ പാറത്തോട് പുത്തൻവീട്ടിൽ പാറയിൽ ഷാഹുൽ ഹമീദ് ആണു തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ചു പൊലീസിൽ പരാതി നൽകിയത്. തടികൾ ക്രെയിൻ ഉപയോഗിച്ചു ലോറിയിൽ കയറ്റിയാലും തങ്ങൾക്കു കൂലി നൽകണമെന്ന് ആവശ്യപ്പെട്ടാണു തൊഴിലാളികൾ തടികയറ്റുന്നതു തടഞ്ഞതെന്നായിരുന്നു ഷാഹുൽ ഹമീദിന്റെ പരാതി.

മുൻപു ഷാഹുൽ ഹമീദ് ഹൈക്കോടതിയിലും ഹർജി നൽകിയിരുന്നു. തുടർന്നു പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ ക്രെയിൻ ഉപയോഗിച്ചു കോൽത്തടി ലോറിയിൽ കയറ്റുന്നതിന് അനുവാദം നൽകിക്കൊണ്ടു ഹൈക്കോടതി ഉത്തരവു ലഭിച്ചതായും ഷാഹുൽ ഹമീദ് പറയുന്നു. സിഎെടിയു, എഎെടിയുസി യൂണിയൻ ഭാരവാഹികളായ വി.പി.ഇസ്മായിൽ, പി.എസ്.സുരേന്ദ്രൻ, ടി.കെ.ശിവൻ, എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.