നോട്ട് നിരോധനത്തിന്റെ രണ്ടാംവർഷം..

നോട്ട് നിരോധനത്തിന്റെ രണ്ടാം വർഷത്തിൽ കോട്ടയം ജില്ല കൂടുതൽ ഡിജിറ്റലായി. എന്നാൽ, വിവിധ മേഖലകളിൽ നേരിട്ട ആഘാതത്തിന്റെ മുറിവുകൾ ഉണങ്ങിയിട്ടുമില്ല. നോട്ട് പിൻവലിച്ചതിനുശേഷം പിഒഎസ് (സ്വൈപ്പിങ്) മെഷീനുകളിലൂടെ ഇടപാടുകൾ 20 മടങ്ങുവരെ വർധിച്ചെന്നു ബാങ്കുകൾ പറയുന്നു. നോട്ട് പിൻവലിക്കലിനു മുൻപ് രാജ്യത്തു 14 ലക്ഷം സ്വൈപ്പിങ് മെഷീനുകളാണ് ഉപയോഗിച്ചിരുന്നത്. ഇതു നോട്ട് പിൻവലിക്കലിന്റെ ആദ്യമാസം മൂന്നു ലക്ഷം വർധിച്ച് 17 ലക്ഷമായി. ആനുപാതികമായി കേരളത്തിലും സ്വൈപ്പിങ് മെഷീൻ ഉപയോഗത്തിൽ വർധന ഉണ്ടായി. പ്രധാന ബാങ്ക് ശാഖകളിൽ ഒരോമാസവും ആയിരത്തിലധികം സ്വൈപ്പിങ് മെഷീനുകളുടെ ഓർഡറുകളാണ് ഇപ്പോഴും ലഭിക്കുന്നത്.

ശേഖരിച്ചത് 1600 കോടി

നോട്ട് പിൻവലിച്ചപ്പോൾ ജില്ലയിലെ ബാങ്കുകളിൽ തിരികെ എത്തിയത് 500, 1000 രൂപയുടെ വീതം 1600 കോടി രൂപയുടെ പഴയ നോട്ടുകൾ.
ആറു മാസംവരെ വിവിധ ബാങ്ക് ചെസ്റ്റുകളിൽ സൂക്ഷിച്ച ശേഷം ഇവ തിരികെ കൊണ്ടുപോയി. 4 മാസം കൊണ്ടു വിവിധ ഘട്ടങ്ങളിലായി ഇത്രയും തന്നെ പുതിയ നോട്ടുകൾ ബാങ്കുകളിൽ എത്തിച്ചു. ഇതോടെയാണ് ജില്ലയിലെ നോട്ട് ക്ഷാമത്തിനു പരിഹാരമായത്.

കരകയറാതെ കാർഷിക മേഖല

നോട്ട് നിരോധനത്തിനുശേഷം റബർ തോട്ടങ്ങളുടെ വിൽപന ഏതാണ്ടു നിലച്ച നിലയിലാണ്. റബറിന്റെ വിലയിടിവുമൂലം നട്ടംതിരിയുന്ന റബർ കർഷകർക്കു റബർത്തോട്ടം വിൽക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. നോട്ട് നിരോധനത്തിനു മുൻപു വാഗ്ദാനം ചെയ്തതിന്റെ പകുതി തുകപോലും ഇപ്പോൾ ആരും പറയുന്നില്ലെന്നാണു കർഷകർ പറയുന്നത്.ആധാര റജിസ്ട്രേഷനിൽ വസ്തു വാങ്ങിയതിന്റെ തുക പൂർണമായും കാണിക്കണമെന്നതും അദായനികുതി വകുപ്പ് ഇടപാടുകൾ നിരീക്ഷിക്കുന്നു എന്നതുമാണു വലിയ കച്ചവടങ്ങളും ബെനാമി ഇടപാടുകളും കുറയുന്നതിനു കാരണമായത്.

പച്ചപിടിച്ച് ഭൂമിയിടപാട്

നോട്ട് നിരോധനത്തിനുശേഷം രണ്ടുവർഷം പിന്നിടുമ്പോൾ ജില്ലയിലെ ഭൂമി ആധാരം റജിസ്ട്രേഷൻ പച്ചപിടിക്കുകയാണ്. നോട്ട് നിരോധനത്തിനു മുൻപ് ഉണ്ടായിരുന്ന നിലയിലേക്കാൾ ഭൂമി ആധാരം റജിസ്ട്രേഷനും വരുമാനവും ഉയരുന്നുണ്ട്. നോട്ട് നിരോധിച്ച 2016 നവംബർ മാസത്തിൽ ജില്ലയിലെ 23 സബ് റജിസ്ട്രാർ ഓഫിസുകളിലായി ഒക്ടോബർ മാസത്തെ അപേക്ഷിച്ച് 5.7 കോടി രൂപയുടെ കുറവാണ് ഉണ്ടായത്.