ചെമ്മലമറ്റം പള്ളിയിൽ വമ്പന്‍ മണി സ്ഥാപിച്ചു ..

ചെമ്മലമറ്റം∙ ഇംഗ്ലണ്ടിൽ നിന്നെത്തിച്ച കൂറ്റൻ മണി ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹന്മാരുടെ പള്ളിയിൽ വെള്ളിയാഴ്ച മുതൽ മുഴങ്ങും. പള്ളി തിരുനാളിനോടനുബന്ധിച്ചു മണി മുഴക്കും. വെള്ളിയാഴ്ച രാവിലെ വികാരി ജനറൽ മോൺ. ജോസഫ് കുഴിഞ്ഞാലിൽ മണി ആശീർവദിക്കും. തുടർന്നു മണി മുഴക്കും. ഇതിനായി പള്ളിമുറ്റത്തു താൽക്കാലികമായി നിർമിച്ച കോൺക്രീറ്റ് തൂണിൽ ക്രെയിനിന്റെ സഹായത്തോടെ മണി സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ റിച്ച് മൗണ്ട് പള്ളിയിൽ നിന്നു കപ്പൽമാർഗം കഴിഞ്ഞ മാർച്ച് മൂന്നിനാണു മണി ദേവാലയത്തിലെത്തിച്ചത്.

360 ഡിഗ്രി കറങ്ങി മുഴങ്ങുന്ന മണിക്ക് 600 കിലോയോളം ഭാരമുണ്ട്. നിലവിലുള്ള മണിമാളികയിൽ ഇതു സ്ഥാപിക്കാനാകാത്തതിനാൽ മണിമുഴക്കം കേൾക്കാൻ ഇതുവരെ ഇടവകാംഗങ്ങൾക്കു ഭാഗ്യമുണ്ടായിട്ടില്ല. ഇൻഗോട്ട് എന്ന ലോഹത്തിൽ നിർമിച്ചിട്ടുള്ള മണി ജോൺ വാർണറുടെ പേരിൽ പേറ്റന്റുള്ളതാണ്. 41 ഇഞ്ച് ഉയരവും 40 ഇഞ്ച് വ്യാസവുമുള്ള മണിയുടെ മുഴക്കം മൂന്നു കിലോമീറ്റർ ദൂരെ വരെ കേൾക്കാനാകും. ഇംഗ്ലിഷ് പള്ളിയിൽ 155 വർഷത്തോളം മുഴങ്ങിയ മണിയാണ് ഇനി ചെമ്മലമറ്റത്തു മുഴങ്ങിക്കേൾക്കുക.