ന്യൂനപക്ഷ പദ്ധതികള്‍ സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കി-മന്ത്രി മഞ്ഞളാംകുഴി അലി

കാഞ്ഞിരപ്പള്ളി: ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ യു.ഡി.എഫ്. സര്‍ക്കാരിന് കഴിഞ്ഞതായി മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.

ജില്ലയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പല വകുപ്പുകളിലായി ചിതറിക്കിടന്നിരുന്ന ന്യൂനപക്ഷ വകുപ്പിന്റെ അധികാരങ്ങള്‍ യു.ഡി.എഫ്. ഭരണകാലത്താണ് സംയോജിപ്പിച്ചത്.

ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ 20 ശതമാനം പ്രവേശം മറ്റുള്ളവര്‍ക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഏഴാമത്തേതും ജില്ലയിലെ ആദ്യത്തേതുമായ പരിശീലന കേന്ദ്രമാണ് കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങിയത്. ഡോ. എന്‍. ജയരാജ് എം.എല്‍.എ. അധ്യക്ഷനായ യോഗത്തില്‍ ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട്, ത്രിതല പഞ്ചായത്തംഗങ്ങളായ പി.എ. സലിം, മറിയാമ്മ ജോസഫ്, ടി.കെ. സുരേഷ്‌കുമാര്‍, സുനില്‍ തേനംമാക്കല്‍, പൊന്നമ്മ ശശി, സിജ സക്കീര്‍, പി.എ. ഷമീര്‍, നിബു ഷൗക്കത്ത്, ഷക്കീല ഷാജി, പി.എച്ച്. അബ്ദുള്‍സലാം , പി.എം. അബ്ദുള്‍സലാം, പി.എം. ഷെരീഫ്, അസീസ് ബഡായില്‍, വി.കെ. നസീര്‍, ടി.കെ. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.പി. നസീര്‍ സ്വാഗതവും പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ഷെരിഫ ജമാല്‍ നന്ദിയും പറഞ്ഞു.