പക്ഷിപ്പനി ഭീതി വ്യാപകമായതോടെ സല്‍ക്കാര ചടങ്ങുകളില്‍ നിന്നും കോഴി, താറാവ് വിഭവങ്ങള്‍ പുറത്തേക്ക്

പക്ഷിപ്പനി ഭീതി വ്യാപകമായതോടെ സല്‍ക്കാര ചടങ്ങുകളില്‍ നിന്നും കോഴി, താറാവ് വിഭവങ്ങള്‍ പുറത്തേക്ക്. രോഗം ബാധിച്ച്‌ താറാവുകള്‍ ചത്തൊടുങ്ങുന്നതും രോഗബാധ കോഴികളിലേക്കും പടരുന്നു എന്നുമുളള വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് സല്‍ക്കാരങ്ങളിലെ തീന്‍മേശകളിലെ പ്രധാനിയായിരുന്ന ഇവ പുറത്തായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം നടന്ന വിവാഹം, വിവാഹനിശ്ചയം, ഗൃഹപ്രവേശം, മറ്റ് പൊതുപരിപാടികള്‍ എന്നിവയിലെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കോഴി, താറാവ് വിഭവങ്ങള്‍ പാകം ചെയ്തിരുന്നെങ്കിലും ഇത്തരം വിഭവങ്ങള്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ ബഹുഭൂരിപക്ഷവും കഴിക്കുവാന്‍ തയ്യാറായില്ല. വരും ദിവസങ്ങളില്‍ നടക്കുന്ന വിവിധ ചടങ്ങുകള്‍ക്ക് കോഴി, താറാവ് എന്നിവ ബുക്ക് ചെയ്തിരുന്ന പലരും ഇതിനോടകം ഇവ ഉപേക്ഷിച്ച്‌ മറ്റ് ഇറച്ചി വിഭവങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഭക്ഷണമായി ഇത്തരം വിഭവങ്ങള്‍ തയ്യാറാക്കിയാല്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുകയോ ഭക്ഷണം കഴിക്കാതെ പലരും മടങ്ങുമോ എന്നെല്ലാമുളള വീട്ടുകാരുടെ ആശങ്കയാണ് ഈ വിഭവങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണമെന്ന് പാചകക്കാര്‍ തന്നെ പറയുന്നു.

ഹോട്ടലുകളിലും ബേക്കറികളിലും എത്തി കോഴി, താറാവ് തുടങ്ങിയവയുടെ വിവിധയിനം ഭക്ഷണങ്ങള്‍ ആവശ്യപ്പെട്ടിരുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കുറയുകയാണെന്നും ഇത് കച്ചവടത്തെ ബാധിച്ചതായും ഹോട്ടലുടമകള്‍ പറയുന്നു. ബിരിയാണിക്കൊപ്പം നല്‍കുന്ന മുട്ട വേണ്ടെന്ന് ആഹാരം കഴിക്കാനെത്തുന്നവര്‍ കടകളില്‍ ഭക്ഷണം ആവശ്യപ്പെടുമ്ബോള്‍ തന്നെ പറയുന്നുണ്ട്. ഏതാനും ദിവസം മുമ്ബുവരെ ചിക്കനില്ലാതെ എന്താഘോഷം എന്ന് പറഞ്ഞിരുന്ന മലയാളിക്ക് പക്ഷിപ്പനി എന്ന പേരു കേട്ടതോടെ ഇവ ഉപേക്ഷിക്കാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.