പകർച്ചവ്യാധികൾ: ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

കോട്ടയം ∙ മഴക്കാലമെത്തും പകർച്ചവ്യാധി ഭീഷണിയിലായ ജില്ലയുടെ കിഴക്കൻ മേഖലയിൽ അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. മേഖലയിൽ കൊതുകിന്റെ സാന്ദ്രത കൂടുതലുള്ളതായി വെക്ടർ കൺട്രോൾ ബോർഡ് പരിശോധനയിൽ കണ്ടെത്തി. ഇവ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്റ്റി കൊതുകുകളാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി പ്രദേശത്തുനിന്നു സാംപിളുകൾ ശേഖരിച്ചു. കഴിഞ്ഞദിവസം കോട്ടയത്തു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച ഇടക്കുന്നം സ്വദേശിനിയിൽ ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടിരുന്നതിനാലാണു മേഖലയിൽ ഇന്നലെ ആരോഗ്യവകുപ്പും വെക്ടർ കൺട്രാേൾ ബോർഡും പരിശോധന നടത്തി രോഗപ്രതിരോധ നടപടികൾ ആരംഭിച്ചത്.

∙ കോട്ടയം നഗരസഭ ഹൈ റിസ്ക് നഗരസഭാ പ്രദേശത്തെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നാട്ടകം പ്രദേശത്തു ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ഏഴുപേർക്ക്. മൂന്നുപേർ നിരീക്ഷണത്തിലാണ്. നാട്ടകം, മള്ളൂശേരി, വേളൂ‍ർ, മുട്ടമ്പലം പ്രദേശങ്ങൾ അപകടസാധ്യത കൂടിയ മേഖലകളുടെ പട്ടികയിലാണ്. വേളൂരിൽ മാത്രം ഡെങ്കിപ്പനി റജിസ്റ്റർ‍ ചെയ്തത് 13 കേസുകൾ. കുറിച്ചി, പുതുപ്പള്ളി, അയ്മനം, ഇടയിരിക്കപ്പുഴ, ഏറ്റുമാനൂർ, കോരുത്തോട്, പാറത്തോട് പ്രദേശങ്ങളിൽ ഡെങ്കിപ്പനി വേഗത്തിൽ പടർന്നു പിടിക്കാൻ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

∙ കലക്ടറേറ്റിലും അപകടസാധ്യത കലക്ടറേറ്റ് വളപ്പിൽ പലയിടത്തും വെള്ളം കെട്ടിക്കിടന്നു കൂത്താടി പെരുകുകയാണ്. മഴക്കാല ശുചീകരണം ഉറപ്പു വരുത്താൻ വകുപ്പുകൾക്കു നിർദേശം നൽകിയ ഡപ്യൂട്ടി കലക്ടറുടെ ഓഫിസിന്റെ മുൻപിലത്തെ അവസ്ഥയും പരിതാപകരമാണ്. വൃത്തിഹീനവും ഉപയോഗശൂന്യവുമായി കിടക്കുകയാണു ഡപ്യൂട്ടി കലക്ടറുടെ ഓഫിസിനു മുൻപിലുള്ള വാട്ടർ കൂളർ. കൂളറിന്റെ ട്രേയും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിൽതന്നെ. കലക്ടറേറ്റിലെ ശുചിമുറികളുടെ അവസ്ഥ ഏറെ ശോചനീയം.

∙ ആക്‌ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ് ദേശീയ ഡെങ്കിപ്പനി വാരാചരണത്തിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്രം, കമ്യൂണിറ്റി ആരോഗ്യകേന്ദ്രം, പിപി യൂണിറ്റ് തുടങ്ങിയ തലങ്ങളിൽ ഒരുമിച്ചു പ്രവർത്തിച്ചുള്ള നടപടികളാണു ജില്ലയിൽ ഒരുക്കുന്നത്. ജില്ലാ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാർക്കറ്റ്, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, പാർക്ക്, തെരുവോരങ്ങൾ എന്നീ പ്രദേശങ്ങളിലെ ശുചീകരണത്തിനാണു തുടക്കമിട്ടത്. കൊതുകുകളുടെ പ്രധാന ഉറവിടങ്ങളിലൊന്നായ പ്ലാന്റേഷൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് ഇന്നു നടക്കുന്നത്. പ്ലാന്റേഷൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു ബോധവൽകരണം നൽകുക, അവിടത്തെ ശുചീകരണം ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കും.

∙ ജില്ലയിൽ ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് – 38 പേർക്ക് മരണം – രണ്ട് കാരണം സ്ഥിരീകരിച്ചത് ഒന്ന്

∙ വിദ്യാഭ്യാസ വകുപ്പിനു ജാഗ്രതാ നിർദേശം സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സ്കൂൾ പരിസരങ്ങൾ അടിയന്തരമായി വൃത്തിയാക്കാനും പകർച്ചവ്യാധി പകരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കു നിർദേശം നൽകി. സ്കൂളുകളിലെ കൊതുകിന്റെ ഉറവിടം നശിപ്പിക്കുക, അധ്യാപകർക്കും വിദ്യാർഥികൾക്കും ബോധവൽകരണം ഉറപ്പാക്കുക, പ്രതിവാര ഡ്രൈഡേ ആചരണം, സാംക്രമിക രോഗങ്ങളെക്കുറിച്ച് ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ, ആഴ്ചയിൽ ഒരിക്കലെങ്കിലും സ്കൂളുകളിലെ കിണറുകളിൽ ക്ലോറിനേഷൻ ചെയ്യുക, മാസത്തിലൊരിക്കൽ വെള്ളം പരിശോധനയ്ക്ക് അയച്ചു ഗുണമേന്മ ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജൂൺ അഞ്ചിന് രോഗപ്രതിരോധ പ്രതിജ്ഞയെടുക്കാൻ എഡിഎം: കെ.രാജന്റെ അധ്യക്ഷതയിൽ കലക്‌ടറേറ്റിൽ ചേർന്ന വകുപ്പുതല ഏകോപന സമിതി യോഗം തീരുമാനിച്ചു.