പകർച്ചവ്യാധി പ്രതിരോധ സന്ദേശയാത്ര

പാറത്തോട് ∙ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ സന്ദേശയാത്ര ആരംഭിച്ചു. പാറത്തോടു ജംക്‌ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമിനിക് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ.ഉണ്ണിക്കൃഷ്ണൻ രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചു പ്രസംഗിച്ചു. ആരോഗ്യവകുപ്പിന്റെ കീഴിൽ ഒരാഴ്ചത്തെ പരിപാടിയാണ് ആസുത്രണം ചെയ്തിരിക്കുന്നത്.

പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന ഡെങ്കിപ്പനി, എലിപ്പനി മറ്റ് ജലജന്യരോഗങ്ങളെക്കുറിച്ചു ബോധവൽക്കരണം നൽകുകയാണു യാത്രയുടെ ലക്ഷ്യം. പാറത്തോടു പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സന്ദേശ യാത്രയെത്തി. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ ഭവനസന്ദർശനം നടത്തി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തും. പാറത്തോടു പഞ്ചായത്തിൽ ഒന്നും കാഞ്ഞിരപ്പള്ളിയിൽ ആറും ഡെങ്കിപ്പനി കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.