പച്ചമരുന്ന് പറിക്കാൻ കോവിഡ് ബാധ പ്രദേശത്ത്; ഉപേക്ഷിച്ചു പോയ ഭാര്യവീട്ടിൽ തിരികെ, പുലിവാൽ പിടിച്ച് ആരോഗ്യവകുപ്പ്


മുണ്ടക്കയം ∙ തമിഴ്നാട് അതിർത്തിയിൽ കറങ്ങി നടന്നയാളെ ക്വാറന്റീനിലാക്കാൻ ഇറങ്ങിത്തിരിച്ച ആരോഗ്യ വകുപ്പ് പുലിവാൽ പിടിച്ചു. ആംബുലൻസിൽ നിന്നു ചാടിപ്പോയ ഇയാൾ പിന്നീടു പൊലീസിന്റെ വലയിലായി. ഞായറാഴ്ച വൈകിട്ട് ഇടുക്കി വണ്ടൻമേട്ടിലാണു നാടകീയ സംഭവങ്ങളുടെ തുടക്കം. പൊലീസ് പരിശോധനയ്ക്കിടയിൽ സംശയാസ്പദമായി കണ്ടയാളെ ചോദ്യം ചെയ്തപ്പോൾ കോവിഡ് ബാധിത പ്രദേശങ്ങളിലും തമിഴ്നാടിന്റെ അതിർത്തി പ്രദേശങ്ങളിലും പോയതായി വിവരം ലഭിച്ചു.

പച്ചമരുന്നു പറിക്കാൻ പോയതാണെന്നും ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലെ മക്കൊച്ചി സ്വദേശിയാണെന്നും പേര് മുഹമ്മദ് ഷാജഹാൻ എന്നാണെന്നും ഇയാൾ അറിയിച്ചതോടെ പൊലീസ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു ക്വാറന്റീനിലാക്കാൻ നിർദേശിച്ചു. ഇയാൾ പറഞ്ഞതനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതർ രാത്രി കൊക്കയാർ മക്കൊച്ചിയിൽ എത്തി. അപ്പോഴാണു കഥയുടെ ഗതി മാറിയത്.

12 വർഷം മുൻപ് ഇയാൾ ഉപേക്ഷിച്ചു പോയ ഭാര്യ വീടായിരുന്നു അത്. തുടർന്നു നാട്ടുകാർ കൂടി ഇയാളെ തിരികെ കൊണ്ടുപോകണം എന്നാവശ്യപ്പെട്ടു. ഇയാൾ ചിറക്കടവ് സ്വദേശിയാണെന്നാണു നാട്ടുകാർ പറയുന്നത്. ഇതിനിടെ ആംബുലൻസിൽ നിന്ന് ഇറങ്ങി ഇയാൾ മുങ്ങി. പിന്നീടു പൊലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് പരിസരമാകെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇയാൾ നടന്നു പറത്താനത്തെത്തി. ഇന്നലെ രാവിലെ അവിടെ സംശയകരമായി ഇയാളെ കണ്ടതോടെ നാട്ടുകാർ പൊലീസിൽ അറിയിച്ചു.