പഞ്ചായത്തിന്റെ അനാസ്‌ഥ തുടർന്നാൽ ഐഎച്ച്ആർഡി കോളജ് കാഞ്ഞിരപ്പള്ളിക്ക് നഷ്‌ടമാവുമെന്ന് ഡോ. എൻ. ജയരാജ് എംഎൽ

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിന്റെ അനാസ്‌ഥ തുടർന്നാൽ ഐഎച്ച്ആർഡി കോളജ് കാഞ്ഞിരപ്പള്ളിക്ക് നഷ്‌ടമാവുമെന്ന് ഡോ. എൻ. ജയരാജ് എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു.

കോളജിന് സ്വന്തമായി സ്‌ഥലവും കെട്ടിടവും ഇല്ലാത്തതിന്റെ പേരിലാണ് അഫിലിയേഷൻ നഷ്‌ടമാകുന്നത്. കോളജിന് അഞ്ചേക്കർ സ്‌ഥലം സ്വന്തമായി ഉണ്ടായിരിക്കണമെന്നാണ് യൂണിവേഴ്സിറ്റിയുടെ നിർദേശം. കോളജിന്റെ അപര്യാപ്തതയുടെ പേരിൽ കഴിഞ്ഞ അധ്യയന വർഷം പുതിയ പ്രവേശനം യൂണിവേഴ്സിറ്റി തടഞ്ഞിരുന്നു. പുതിയ പ്രവേശനം പ്രതിസന്ധിയിലായ സാഹചര്യത്തിൽ താൻ ഇടപെടുകയും തുടർന്ന് ഒരുവർഷത്തിനുള്ളിൽ കോളജിന് ആവശ്യമായ സ്‌ഥലം കണ്ടെത്തി നൽകാമെന്ന് ഉറപ്പു നൽകിയ സാഹചര്യത്തിലുമാണ് അഫിലിയേഷൻ തുടരുന്നതിന് യൂണിവേഴ്സിറ്റി അനുമതി നൽകിയത്. എന്നാൽ ഇതിനു ശേഷവും സ്‌ഥലം കണ്ടെത്തി നൽകുന്നതിനു പഞ്ചായത്ത് തയാറാകാത്തതിനാൽ കോളജിന്റെ അംഗീകാരം നഷ്‌ടമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും എംഎൽഎ പറഞ്ഞു.

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിനായി സ്‌ഥലം ഏറ്റെടുക്കൽ പൂർത്തിയായെങ്കിലും പരിസ്‌ഥിതി ആഘാത പഠനം നടത്തുന്ന കാര്യത്തിലാണു വീഴ്ചയുണ്ടായിരിക്കുന്നത്. 2013ൽ പാസാക്കിയ നിയമം അനുസരിച്ചു റോഡു വികസനത്തിനായി സ്‌ഥലം ഏറ്റെടുക്കുമ്പോൾ പരിസ്‌ഥിതി ആഘാത പഠനം നിർബന്ധമാണ്. സ്‌ഥലം ഏറ്റെടുക്കുന്ന ഭാഗങ്ങളിൽ പരിസ്‌ഥിതിക്ക് എന്തൊക്ക നഷ്്ടമുണ്ടാകുമെന്നാണു പഠന സമിതി പരിശോധിക്കുന്നത്. സാധാരണയായി വിദഗ്ധർ അടങ്ങുന്ന സമിതിയെയാണു ഇതിനായി നിയോഗിക്കുന്നത്. എന്നാൽ ആരെയാണു ഇതിനു നിയോഗിക്കേണ്ടതെന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണെന്നും എൻ. ജയരാജ് പറഞ്ഞു.