പഞ്ചായത്ത് കിണറ്റിൽനിന്നു വെള്ളം കോരാൻ മുളങ്കമ്പു തൂൺ ശരണം

പൊൻകുന്നം ∙ പ്രൗഢി മാത്രമേയുള്ളൂ രാജേന്ദ്ര മൈതാനത്തെ പഞ്ചായത്ത് കിണറിന്. പൊൻകുന്നത്തെ ജലക്ഷാമം പരിഹരിക്കുന്ന കിണറ്റിൽനിന്നു വെള്ളം കോരാൻ മുളങ്കമ്പ് കെട്ടിമുറുക്കിയ താൽക്കാലിക തൂണിലെ കപ്പിയും കയറും. പൊൻകുന്നം ടൗണിലെ ഒട്ടുമിക്ക കടകളിലും വെള്ളമെടുക്കുന്നത് ഈ കിണറ്റിൽ നിന്നാണ്.

നൂറു വർഷത്തിലേറെ പഴക്കമുള്ള പഞ്ചായത്ത് കിണറിന്റെ കരിങ്കൽ തൂണ് കഴിഞ്ഞവർഷം വാഹനം ഇടിച്ചു തകർന്നു. തകർന്ന തൂണിന്റെ കരിങ്കല്ലുകൾ കിണറിന്റെ മുകളിലെ ഇരുമ്പുവലയിൽ തടഞ്ഞുകിടക്കുകയാണ്. ഒട്ടേറെപ്പേർ ദിവസവും വെള്ളം കോരുന്ന കിണറാണ്. ഇരുവശങ്ങളിലുമുള്ള തൂണുകളിലിട്ട കമ്പിയിൽ കപ്പിയിട്ടാണു വെള്ളം കോരിയിരുന്നത്. തൂണുകൾ തകർന്നതിനാൽ ഒരുവശത്തുനിന്നു മാത്രമേ വെള്ളം കോരാൻ കഴിയുകയുള്ളൂ.

ചരിത്രം ഇങ്ങനെ

∙സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ ഇരമ്പുന്ന ഓർമകളുമായി പൊൻകുന്നം രാജേന്ദ്ര മൈതാനം. ബ്രിട്ടിഷ് ഭരണകാലത്തിന്റെ സ്‌മാരകമായി പണിതീർത്ത കിണറും ഫലകവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ രക്‌തസാക്ഷികളുടെ സ്‌മരണകളും ഒരിടത്തു സംഗമിക്കുന്ന കാഴ്‌ചയും പൊൻകുന്നത്തിനു സ്വന്തം.

ബ്രിട്ടിഷ് ഭരണകാലത്ത് ജോർജ് അഞ്ചാമൻ ചക്രവർത്തിയുടെ കിരീടധാരണ മാമാങ്കത്തോട് അനുബന്ധിച്ചു സ്‌മാരകശില സ്‌ഥാപിച്ച മൈതാനത്തിനു സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി മരിച്ച വിദ്യാർഥിയുടെ പേര് നൽകിയാണു നാട് മറുപടിനൽകിയത്. രാജ്യം ബ്രിട്ടിഷ് ഭരണത്തിൻ ഞെരിഞ്ഞമർന്ന സമയം സ്വതന്ത്ര ഇന്ത്യയ്‌ക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ മലയോര ജനതയുടെ സംഗമഭൂമിയായിരുന്നു രാജേന്ദ്രമൈതാനം.

1912ൽ ബ്രിട്ടിഷ് രാജാവായ ജോർജ് അഞ്ചാമന്റെ കിരീടധാരണത്തിന്റെ സ്‌മരണ നിലനിർത്താനായി സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്‌മാരകങ്ങൾ പണിതീർക്കാൻ വൈസ്രോയി പ്രത്യേക നിർദേശം നൽകി. ഇതുപ്രകാരം പൊൻകുന്നത്ത് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കേന്ദ്രബിന്ദുവാകുന്ന മൈതാനത്തു കിണർ നിർമിക്കാൻ ബ്രിട്ടിഷ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

മജിസ്‌ട്രേട്ടിന്റെ നിർദേശപ്രകാരം അന്ന് പ്രദേശത്തെ ഓരോകുടുംബത്തിൽനിന്നും 100 രൂപ പിരിച്ചെടുത്താണു കിണർ നിർമിച്ചത്. ജോർജ് അഞ്ചാമൻ കോറോണേഷൻ വെൽ എന്ന് കരിങ്കല്ലിൽ മൈതാനത്തു കൊത്തിവച്ച ഫലകം ദേശസ്‌നേഹികളുടെ മനസ്സിലെ മറ്റൊരു നെരിപ്പോടായി.

രാജേന്ദ്രന്റെ സ്മരണയായി…

∙ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കു വേദിയായിരുന്ന മൈതാനത്തു ബ്രിട്ടിഷ് ഭരണകൂടം നിർമിച്ച ഫലകം നെഞ്ചിൽ തറച്ച സമരഭടൻമാർ രാജ്യത്തിനായി പിടഞ്ഞുമരിച്ച രാജേന്ദ്രൻ എന്ന ബാലന്റെ പേര് മൈതാനത്തിനു നൽകിയാണു പകരം വീട്ടിയത്. സ്വാതന്ത്ര്യലബ്‌ധിക്കു മുൻപു സിപിയുടെ ഭരണത്തിനെതിരെ തിരുവനന്തപുരത്തു നടന്ന സമരത്തിലാണു രാജേന്ദ്രൻ എന്ന 13 വയസുകാരൻ വെടിയേറ്റു മരിച്ചത്. ബ്രിട്ടിഷുകാർക്കെതിരെയും ദിവാൻ സർ സിപിക്കെതിരെയും ഭരണവിരുദ്ധ വികാരം തിളച്ചുനിന്ന കാലഘട്ടം.

1947 ജൂൺ 13നു തിരുവനന്തപുരത്തു കളത്തിൽ വേലായുധൻ നായരുടെ അധ്യക്ഷതയിൽ സി.നാരായണ പിള്ളയുടെ പ്രസംഗം നടക്കുന്നതിനിടെ ചാടിവീണ സിപിയുടെ പട്ടാളം ജനങ്ങളുടെ മേൽ നിർദയം നിറയൊഴിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ജോർജ് അഞ്ചാമൻ ചക്രവർത്തിയുടെ പേരിലുള്ള ഫലകം ഏറെ നാൾ മൈതാനത്തു ചവിട്ടുപടിയായി കിടന്നു. കഴിഞ്ഞവർഷം ഫലകം മറ്റൊരിടത്തേക്കു മാറ്റുവാനുള്ള നീക്കം തടഞ്ഞ മൈതാനത്തെ ടാക്‌സി ഡ്രൈവർമാർ കിണറിനോടു ചേർന്നു വീണ്ടും ഫലകം സ്‌ഥാപിച്ചു.

തൂൺ തകർന്നിട്ട് ഒരുവർഷം

∙ കിണറിന്റെ കോൺക്രീറ്റ് തൂണ് വണ്ടിയിടിച്ചു തകർന്നിട്ട് ഒരു വർഷം കഴിഞ്ഞു. ഇതിനു പരിഹാരം കാണാതെ വന്നതോടെയാണ് പട്ടണത്തിലെ കടകളിലേക്കു വെള്ളം കോരി നൽകുന്നവർ സ്വന്തമായി മുളങ്കമ്പിന്റെ തൂണുകൾ സ്ഥാപിച്ചത്. മറുവശത്ത് കോൺക്രീറ്റ് തൂണുണ്ട്, വെള്ളം കോരാൻ സൗകര്യത്തിനായി. എന്നാൽ വേനലായതോടെ ആ ഭാഗത്ത് വെള്ളമില്ല.