പഞ്ചായത്ത് സ്ഥാപിച്ച നൂറുകണക്കിനു തെരുവുവിളക്കുകൾ പ്രവർത്തനരഹിതം

എരുമേലി∙ മൂന്നു മാസം മുൻപ് പഞ്ചായത്തിലെ 22 വാർഡുകളിൽ സ്ഥാപിച്ച നൂറുകണക്കിന് തെരുവുവിളക്കുകൾ പ്രവർത്തന രഹിതമായി. ലക്ഷക്കണക്കിന് രൂപയുടെ പദ്ധതിയാണ് നാട്ടുകാർക്ക് പ്രയോജനപ്പെടാതെ പോവുന്നത്. മണ്ഡലകാലം ആരംഭത്തിലാണ് പഞ്ചായത്തിലെ ശബരിമല റോഡുകൾ ഉൾപ്പെടെയുള്ള പാതയോരങ്ങളിൽ എൽഇഡി ബൾബുകളും ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചത്. എന്നാൽ സ്ഥാപിച്ച് ഒരു മാസത്തിനകം ഇവ കേടായി തുടങ്ങി. സർക്കാർ ഏജൻസിയിൽ നിന്നാണ് വിളക്കുകൾ വാങ്ങിയത്.

ഒരു വർഷത്തെ ഉത്തരവാദിത്തത്തിലാണ് ഇവ വിതരണം ചെയ്തത്. എന്നാൽ വിളക്കുകൾ കേടായി തുടങ്ങിയതോടെ നാട്ടുകാരും ജനപ്രതിനിധികളും അധികൃതരോട് പരാതിപ്പെട്ടു. ഇതേത്തുടർന്ന് പഞ്ചായത്ത് അധികൃതർ രണ്ട് ഇലക്ട്രീഷ്യൻമാരെ ദിവസവേതനത്തിൽ നിയോഗിച്ച് കേടായ വിളക്കുകൾ വൈദ്യുതി പോസ്റ്റിൽ നിന്ന് ഊരിയെടുത്തുകൊണ്ടിരിക്കുകയാണിപ്പോൾ. ഇവർക്കായി ജീപ്പും വിട്ടുനൽകിയിട്ടുണ്ട്.

കേടായ ബൾബുകൾ ഊരിയെടുത്ത് പഞ്ചായത്ത് ഓഫിസിൽ എത്തിക്കുന്ന ചുമതലയും ഇവർക്കാണ്. ഇവ പിന്നീട് ഏജൻസിയിൽ തിരികെ ഏൽപിച്ചേക്കും. ഇതിനിടെ, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ സാധനങ്ങൾക്കായി കരാർ ക്ഷണിച്ചിട്ടുമുണ്ട്. തെരുവുവിളക്കുകളുടെ പദ്ധതിക്കായി എല്ലാ വർഷവും പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപ വിനിയോഗിക്കാറുണ്ടെങ്കിലും രണ്ടോ മൂന്നോ മാസം മാത്രമാണ് ഇവ നാട്ടുകാർക്ക് പ്രയോജനപ്പെടുന്നത്.

കിഴക്കൻ മേഖലയയിൽ കാട്ടാനശല്യം വർധിച്ചിരിക്കെ വിളക്കുകളുടെ അഭാവം നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇതിനു പുറമെ പാണപിലാവ്, മുട്ടപ്പള്ളി, എരുത്വാപ്പുഴ ജനവാസ മേഖലകളിൽ പുലിയെ കണ്ടെന്ന അഭ്യൂഹവുമുണ്ട്. ഈ സാഹചര്യത്തിൽ തെരുവുവിളക്കുകളില്ലാത്തത് കൂടുതൽ ആശങ്ക ഉയർത്തുന്നു.