പണം നൽകാതെ സാധനങ്ങൾ കടത്താൻ ‍ ശ്രമം; പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ


കാഞ്ഞിരപ്പള്ളി ∙ പുര കത്തുമ്പോൾ വാഴ വെട്ടാനും ശ്രമം. സുലഭ സൂപ്പർ മാർക്കറ്റിലാണു അവശ്യ സാധനങ്ങൾ വാങ്ങാനുള്ള വൻ തിരക്കിനിടെ പണം നൽകാതെ സാധനങ്ങൾ കടത്താൻ ‍ശ്രമം നടന്നത്.

ഇന്നലെ ഉച്ചയോടെ തിരക്കേറിയ സമയത്ത് എത്തി പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ എടുത്ത ശേഷം ബിൽ അടയ്ക്കാതെ പോകാൻ ശ്രമിച്ചയാളെ ജീവനക്കാർ കയ്യോടെ പിടികൂടി. പ്ലസ് വൺ വിദ്യാർഥിയായ മകനെയും കൂട്ടി എത്തിയ വാഴൂർ സ്വദേശിയെ ആണ് സൂപ്പർ മാർക്കറ്റ് ജീവനക്കാർ പിടികൂടിയത്.

സാധനങ്ങൾ ബിൽ കൗണ്ടറിൽ പണം അടയ്ക്കാതെ എടുത്തു കൊണ്ടു പോയി കാറിൽ കയറ്റുന്നതിനിടെ സെക്യൂരിറ്റി ബിൽ ചോദിച്ചപ്പോഴാണ് ഇയാൾ കുടുങ്ങിയത്. ഈമാസം 17ന് ഇയാൾ ഇവിടെ നിന്നു പണം അടയ്ക്കാതെ സാധനങ്ങൾ കൊണ്ടുപോയിരുന്നതായി സൂപ്പർ മാർക്കറ്റ് അധികൃതർ പറഞ്ഞു. അന്ന് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ നോക്കി ഇയാളെ മനസ്സിലാക്കി വച്ചിരുന്നു. ഇന്നലെ വീണ്ടും ഇയാൾ എത്തിയപ്പോൾ ജീവനക്കാർ ആദ്യം മുതലേ നിരീക്ഷിച്ചാണ് പിടികൂടിയത്.