പതിനാറുകാരിയെ കാണാതായ സംഭവത്തില്‍ തന്നെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു

മുണ്ടക്കയം .: പതിനാറുകാരിയെ കാണാതായ സംഭവത്തില്‍ തന്നെ കളളക്കേസില്‍ കുടുക്കാന്‍ വേലനിലം സ്വദേശി മനപ്പൂര്‍വ്വം ശ്രമം നടത്തുന്നതായി കോരുത്തോട് ,പനക്കച്ചിറ മാവുങ്കല്‍ ബിജു വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപെടുത്തി.

ദീര്‍ഘകാലമായി മലപ്പുറം ജില്ലയില്‍ കൂലിവേല ചെയ്തു ജീവിക്കുന്ന തനിക്കു യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിലാണ് കുടുക്കാന്‍ വേലനിലം സ്വദേശിനിയായ യുവതി ശ്രമം നടത്തുന്നത്. തന്റെ വീടുമായി അടുപ്പമുണ്ടായിരുന്ന ഇവര്‍ ഭാര്യയേയും തന്നെയും ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തി. ഭാര്യയുമായി കോടതി കേസിലെത്തിച്ച ഇവര്‍ ഇവരുടെ പാസ്‌പോര്‍ട്ട് ആവശ്യത്തിനായി ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനു പകരം തന്റെ ഫോട്ടോ പതിച്ചു വ്യാജ രേഖയുണ്ടാക്കിയാണ് അടുത്തയിടെ കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നും പാസ്‌പോര്‍ട്ട് സമ്പാദിച്ചത്. തന്നെ ബ്ലാക് മെയില്‍ ചെയ്ത് നിരവധി തട്ടിപ്പുകള്‍ നടത്തിയ യുവതി നിരവധി സ്ത്രികളുടെ ഫോട്ടോ എഡിറ്റു ചെയ്തു വ്യാജ പ്രൊഫൈലില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.

മുക്കൂട്ടുറയില്‍ നിന്നും കാണാതായ പെണ്‍കുട്ടി തന്റെ കസ്റ്റഡിയിലാണെന്ന പ്രചരണം നടത്തിയതിന്റെ പേരില്‍ താന്‍ അഞ്ചു ദിവസം വെച്ചൂച്ചിറ പൊലീസിന്റെ കസ്‌ററഡിയിലായിരുന്നു.നിരപരാധിയായ താന്‍ പോലീസ് മര്‍ദ്ദനത്തിനു ഇടയായതിനു പിന്നില്‍ ഇവരുടെ വ്യാജ പ്രചരണമാണ്. തന്നെയും രോഗിയായ മാതാപിതാക്കളെയും നിരന്തരമായി ഭീഷണിപെടുത്തുന്നതു മൂലം തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണ്. ഇവര്‍ക്കെതിരെ തങ്ങള്‍ നല്‍കിയ പരാതി പോലീസ് പരിഗണിച്ചില്ലയെന്നുമാത്രമല്ല കഴിഞ്ഞ ദിവസം തങ്ങള്‍ പിടിച്ചു നല്‍കിയ ഇവരെ പൊലീസ് വെറുതെ വിട്ടതായും ബിജു കുറ്റപെടുത്തി.