പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. വിഴിക്കത്തോട് വയലിൽ വീട്ടിൽ സുബിൻ (20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവിന്റെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസെത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്.
പെൺകുട്ടിയെ കോട്ടയം വനിതാ സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുകയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും ചെയ്തു. സുബിനെതിരേ ബലാത്സംഗത്തിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തത്.

കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. സി.ഐ. പി.കെ.സോൾജിമോന്റെ നേതൃത്വത്തിൽ എസ്.ഐ. എം.എസ്.ഫൈസൽ, അഡീഷണൽ എസ്.ഐ. ഷിബു, എസ്.പി.ഒ. ബിജുമോൻ, സി.പി.ഒ.മാരായ ജോഷി, ജോൺസൺ എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.