പത്തനംതിട്ടയ്ക്കായി അവകാശം ഉന്നയിച്ച് കണ്ണന്താനവും

കേരളത്തിലേക്കുള്ള ബിജെപി സ്ഥാനാർഥി നിർണയം നടക്കുന്നതിനിടെ പത്തനംതിട്ടയ്ക്കായി പിടിവലി. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, കെ.സുരേന്ദ്രൻ, എം.ടി.രമേശ് എന്നിവരാണു രംഗത്തുള്ളത്. ഇവർക്കു പുറമെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനായി താൽപര്യം അറിയിച്ചിട്ടുണ്ടെന്നാണു വിവരം. ശബരിമല യുവതീപ്രവേശനത്തിൽ ചർച്ചയായ മണ്ഡലമാണ് പത്തനംതിട്ട. അയ്യപ്പ വിശ്വാസികളുടെ പിന്തുണയോടെ ജയിക്കാമെന്ന പ്രതീക്ഷയാണ് ബിജെപി ഇവിടെ പങ്കുവയ്ക്കുന്നത്.

അതേസമയം, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തന്നെ സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ആറ്റിങ്ങലിൽ പി.കെ.കൃഷ്ണദാസ്, കൊല്ലത്ത് സി.വി.ആനന്ദബോസ് അല്ലെങ്കിൽ സുരേഷ് ഗോപി എന്നിങ്ങനെയാണ് നിലവിലെ സാധ്യതാ പട്ടിക.

ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന കാര്യത്തിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം തീരുമാനമെടുത്തിട്ടുണ്ട്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മൽസരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും ചർച്ചയാകും.