പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് 38 കോടി കേന്ദ്രാനുമതി ലഭിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു

പൊന്‍കുന്നം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട പാര്‍ലമെന്റ്് മണ്ഡലത്തില്‍ 58.84 കിലോമീറ്റര്‍ റോഡിന്റെ വികസനത്തിനായി 38.17 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തില്‍ എംപി നല്‍കിയ നിവേദനത്തിന്റെയും ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരിക്കും റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്.

നിലവില്‍ വിവിധ പഞ്ചായത്തുകളിലായി നടന്നുവരുന്ന 54.55 കോടി രൂപയുടെ 51 കിലോമീറ്റര്‍ വരുന്ന 25 റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേയാണിത്. തീക്കോയി പഞ്ചായത്തിലെ മാര്‍മല -മാര്‍മല അരുവി റോഡിന് 3.47 കോടിയും കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് – കൊടുങ്ങ റോഡിന് 95 ലക്ഷവും എരുമേലി പഞ്ചായത്തിലെ മുക്കൂട്ടുതറ – മന്ദിരംപടി റോഡിന് 2.84 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും. ഇതോടെ 92.61 കോടി രൂപയുടെ പ്രവര്‍ത്തികള്‍ മണ്ഡലത്തില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് എംപി അറിയിച്ചു.