പത്താമുദയം:

പത്താമുദയം ഏപ്രിൽ 23–നാണ്. ഭൂമധ്യരേഖ പിന്നിട്ടു വടക്കോട്ടു നീങ്ങുന്ന സൂര്യൻ കേരളത്തിന്റെ തലയ്‌ക്കു മുകളിൽ എത്തുന്ന ദിവസം. അതായത് വിഷു കഴിഞ്ഞുള്ള പത്താമുദയം. കേരളത്തിനു നേരേ മുകളിൽ സൂര്യൻ ഉദിക്കുന്നുവെന്നു പറയുമെങ്കിലും ഇതിനു ചില മാറ്റങ്ങളുണ്ടാകാമെന്നു വിദഗ്ദ്ധർ പറയു ന്നുണ്ട്. പത്താമുദയത്തിനു കേരളത്തിനു കൃത്യം മുകളിലാണോ സൂര്യനെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. ഭൂമിയുടെ അച്ചുതണ്ടിലുണ്ടായ ചരി വിലെ മാറ്റംപോലെ അത്ര നിരീക്ഷണവിധേയമല്ലാത്ത ചില ഘടകങ്ങളാണ് ഇതിനു പിന്നിൽ. സൂര്യന് ഏറ്റവും ശക്‌തിയും തേജസും വർധിക്കുന്ന പത്താമുദയത്തെ ശ്രീരാമചരിതവുമായി ബന്ധിപ്പിച്ചു വ്യാഖ്യാനിക്കുന്ന ആധ്യാത്മിക പണ്ഡിതരുണ്ട്. രാവണനെ ശ്രീരാമൻ വധിച്ചതോടെ അതുവരെ രാവണഭയത്താൽ വഴിമാറി സ ഞ്ചരിച്ചിരുന്ന സൂര്യൻ ധൈര്യത്തോടെ ദക്ഷിണദേശത്ത് ഉദിച്ചുയർന്നുവെന്നാണു കഥ.

കേരളത്തിലെ ഉൽസവകാലത്തിനു കലാശംകുറിക്കുന്ന തൃശൂർ പൂരവുമായി പത്താമുദയത്തിനു നേരിട്ടു ബന്ധമില്ലെങ്കിലും പത്താമുദയം എത്തിയാൽ പൂരങ്ങൾ ഒന്നൊന്നായി എത്തുന്നു. ദീർഘകാലത്തെ പ്രവൃത്തികൾക്കു തുടക്കമിടുന്ന ശുഭദിനമായിട്ടാണു പഴയ തലമുറ പത്താമുദയത്തെ കണ്ടിരുന്നത്. ഇന്നും ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ നടീലിന്റെ കാലമാണിത്. ഒപ്പം ഈശ്വരാരാധനയോടെ പുതുകാര്യങ്ങൾക്കു തുടക്കംകുറിക്കുന്നതും ഈ ദിനംതന്നെ. വീടുകളുടെ പാലുകാച്ചലി നു ദിനം കുറിക്കുമ്പോൾ പത്താമുദയം പലരും ആദ്യം പരിഗണിക്കുന്ന ദിവസമാണ്.

കൃഷിയിൽ തെങ്ങിന്റെ നടീൽകാലം. മധ്യതിരുവിതാംകൂറിൽ ചേന, കാച്ചിൽ എന്നിവ നടാൻ തുടങ്ങുന്നതു പത്താമുദയത്തിനാണ്. പത്താമുദയത്തിലാകുമ്പോൾ ഇതുവരെ പെയ്‌ത മഴയുടെ നനവു മണ്ണിലുണ്ട്. ഇനിയും മഴ പെയ്യുമെന്ന് ഉറപ്പുള്ളതിനാൽ വേരുപിടിക്കുന്ന കാര്യത്തിലും സംശയം വേണ്ട. ഇടവപ്പാതിമഴയെത്തുമ്പോഴേക്കു വേരുപിടിച്ചുകഴിയുന്നതിനാൽ പിന്നീട് തൈക്കു നാശമുണ്ടാകുകയുമില്ല.