പനമറ്റത്ത് പടയണിക്കോലങ്ങൾ ഉറഞ്ഞുതുള്ളി

പനമറ്റം ∙ ആചാര പെരുമയിൽ ഉറഞ്ഞുതുള്ളിയ പടയണിക്കോലങ്ങൾ സംസ്‌കാര തനിമയുടെ രൂപങ്ങളായി. ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ ഭൈരവിയും കാലനും യക്ഷിയും പക്ഷിയും മറുതയും ഉറഞ്ഞു തുള്ളി. ദാരിക നിഗ്രഹം കഴിഞ്ഞെത്തിയ ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിനു ഭൂതഗണങ്ങൾ കാളിയുടെമുന്നിൽ പാടിയാടിയതാണു പടയണിയെന്നാണ് ഐതീഹ്യം. ദേവി തന്റെ തന്നെ ഭൈരവിക്കോലം ദർശിച്ചു കലിയടങ്ങിയത്രേ. പടയണിക്കു തുടക്കം കുറിച്ച് ഭഗവതിയുടെ മുൻപിൽ ആദ്യമെത്തിയത് ഗണപതിക്കോലമായിരുന്നു.

കളം നിറഞ്ഞാടിയ ഗണപതിക്കോലത്തിനു പിന്നാലെ കരസ്‌ഥാന കോലങ്ങളായ യക്ഷിയും പക്ഷിയും മറുതയുമൊക്കെ ഉറഞ്ഞു തുള്ളിയപ്പോൾ അനുഷ്‌ഠാന കലയുടെ അപൂർവ വിരുന്നിനു കാഴ്‌ചക്കാരായി ദേശമാകെ ഒന്നിച്ചു. പച്ചപ്പാളകളിൽ നിർമിച്ച കോലങ്ങൾ നിറക്കൂട്ടുകൾ ചാർത്തി ഉഗ്രരൂപത്തിലാക്കിയിരുന്നു. വെളിയന്നൂരിൽ നിന്നു പുറപ്പെട്ട പടയണിക്കോലങ്ങളുമായുള്ള എഴുന്നള്ളത്ത് രാത്രി പതിനൊന്നരയോടെയാണ് ക്ഷേത്രാങ്കണത്തിലെത്തിയത്.

തുടർന്നു നടന്ന പടയണി ചടങ്ങുകൾ പുലരുവോളം നീണ്ടു. കോട്ടാങ്ങൽ ശ്രീഭദ്രാ പടയണി സംഘമാണു കോലം കെട്ടിയാടിയത്. പടയണിക്കു മുന്നോടിയായി തങ്ങളും പടയും, പുലവൃത്തം, കുതിര തുടങ്ങിയ പരമ്പരാഗത വിനോദ പരിപാടികളും നടന്നു. കാലാന്തരത്തിൽ നിലച്ചുപോയ പടയണി അനുഷ്‌ഠാനം ദേവപ്രശ്‌ന വിധിപ്രകാരം ആറുവർഷം മുൻപാണ് ക്ഷേത്രത്തിൽ പുനരാരംഭിച്ചത്.