പമ്പാനദിയില്‍ തോട്ടയിടീല്‍ വ്യാപകമാകുന്നതായി പരാതി

എരുമേലി: പമ്പാനദിയുടെ വിവിധ ഭാഗങ്ങളില്‍ തോട്ടയിടീല്‍ വ്യാപമകമാകുന്നതായി പരാതി. പമ്പാവാലി, മൂലക്കയം, എയ്ഞ്ചല്‍ വാലി മേഖലകളിലെ കടവുകളിലും കയങ്ങളിലുമാണ് മാരകമായ രീതിയില്‍ തോട്ടയിട്ട് മീന്‍ പിടിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

തോട്ടയിടുന്നതുമൂലം പമ്പാനദിയിലെ ജലം മലിനമാകുകയും കുടവെള്ളമായി ഉപയോഗിക്കുന്നതിന് സാധിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറഞ്ഞു. തോട്ടയിട്ടുപിടിക്കുന്ന മത്സ്യങ്ങളില്‍നിന്നും ചെറുമത്സ്യങ്ങളും പിടിവിട്ടുപോകുന്ന മത്സ്യങ്ങളം പിന്നീട് വെള്ളത്തില്‍ ചത്തുപൊങ്ങുന്നതും വെള്ളത്തിന്റെ മലിനീകരണത്തിന് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.

പമ്പാനദിയിലെ മത്സ്യസമ്പത്ത് വ്യാപകമായി നശിക്കാനും ഇത് വഴിയൊരുക്കുന്നു. തോട്ടയിടീല്‍ കര്‍ശനമായി തടയുന്നതിന് ബന്ധപ്പെട്ടവര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.