പമ്പാനദിയിൽ പുല്ല് വളരുന്നു

പ്രളയം തകർത്തെറിഞ്ഞ പമ്പാനദിയിൽ പുല്ല് വളരുന്നു. ആറിന്റെ നിലനിൽപ്പ് അപകടത്തിലേക്ക്.ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ ആറിന്റെ ഗതി തന്നെ മാറിയിരുന്നു. നിറഞ്ഞൊഴുകിയ പമ്പ പലയിടങ്ങളിലും കരകളിലൂടെയാണ് ഒഴുകിയത്. വൻതോതിൽ ചെളിയും മണ്ണും ആറ്റിലൂടെ ഒഴുകിയെത്തിയിരുന്നു. തീരങ്ങളിലും കുളിക്കടവുകളിലുമെല്ലാം അവ അടിഞ്ഞിരിക്കുന്നു. പ്രളയത്തിലുണ്ടായ കുത്തൊഴുക്കിൽ പലയിടങ്ങളിലും മണൽപ്പരപ്പുകൾ അന്യമായി.

ഇത്തരം ഭാഗങ്ങളിൽ ചെളിയാണു ശേഷിക്കുന്നത്. ചെളിയിൽ പുല്ലും സസ്യങ്ങളും വളരുന്നു. അനിയന്ത്രിതമായ മണൽ വാരലിൽ ആറിന്റെ അടിത്തട്ട് 5 മീറ്ററോളം താണിരുന്നു. മണൽ അന്യമായ ഇടങ്ങളിൽ ചെളിയാണു ശേഷിച്ചിരുന്നത്. ചെളിയിൽ പാറയിടുക്കുകളിലും മറ്റും മണൽപ്പുറ്റുകൾ വളരുകയാണ്. നദി കരയായി മാറുന്ന സ്ഥിതിയുമുണ്ട്. അതിനു പിന്നാലെയാണ് പ്രളയം ആറിനെ തകർത്തെറിഞ്ഞത്. പ്രളയത്തിന്റെ ശേഷിപ്പായ ചെളി ആറിന്റെ അടിത്തട്ടുകൾക്കു കൂടുതൽ ഭീഷണിയായിരിക്കുന്നു.

പ്രളയത്തിൽ വൻതോതിൽ തടികളും മുളകളും മറ്റും ആറ്റിലൂടെ ഒഴുകിയെത്തിയിരുന്നു. അവയിൽ കുറെ ഇപ്പോഴും അടിത്തട്ടിൽ കിടപ്പുണ്ട്. കൂറ്റൻ തടികളാണ് ആറ്റിൽ കിടക്കുന്നത്. കണമല, അത്തിക്കയം, ബംഗ്ലാംകടവ്, റാന്നി പാലങ്ങളിലും കുരുമ്പൻമൂഴി കോസ്‌വേയിലും തൂണുകളിൽ ഉടക്കി തടികളും മുളകളും കിടപ്പുണ്ട്. 8 മാസം കഴിഞ്ഞിട്ടും അവ നീക്കാൻ പിഡബ്ല്യുഡിയും ജലവിഭവ വകുപ്പും നടപടി സ്വീകരിച്ചിട്ടില്ല. മുളകൾ പാലത്തിന്റെ അടിയിൽ കി‌ടന്നു വളരുന്നത് പാലങ്ങൾക്കും ആറിനും ഭീഷണിയാണ്.