പമ്പാവാലിക്കു പട്ടയം വേണം, പിന്നൊരു നല്ല ആശുപത്രിയും

പമ്പാവാലി∙ കുടിയേറ്റത്തിന്റെയും ഒത്തൊരുമയുടെയും നാടായ പമ്പാവാലിയിൽ മികച്ച ചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രിയും കർഷകർക്കു പട്ടയവും ലഭ്യമാക്കണമെന്ന് ആവശ്യമേറുന്നു. കണമല, മൂക്കൻപെട്ടി, അഴുതമുന്നി, എഴുകുമണ്ണ്, ആറാട്ടുകയം, ഏഞ്ചൽവാലി, തുലാപ്പള്ളി, കാളകെട്ടി, വട്ടപ്പാറ, പത്തേക്കർ, അരുവിക്കൽ, മൂലക്കയം സ്ഥലങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ മേഖല പമ്പാവാലി എന്നാണ് അറിയപ്പെടുന്നത്. 1947ലാണു പമ്പാവാലിയിൽ കുടിയേറ്റം നടന്നത്. അന്നു സർക്കാരിന്റെ ഗ്രോമോർ ഫുഡ് പദ്ധതിയിൽ കർഷകരെ കൃഷിയിറക്കാൻ പമ്പാവാലിയിലേക്ക് അയച്ചു.

1980നു മുൻപു കുടിയേറിയ മേഖലകൾക്കു വനനിയമം ബാധകമല്ലെന്നതിന്റെ പശ്ചാത്തലത്തിൽ പട്ടയം ലഭ്യമാക്കാൻ 3 വർഷം മുൻപു നടപടി തുടങ്ങിയിരുന്നു. ഇവിടുത്തെ 502 ഹെക്ടറിനാണു പട്ടയം നൽകാൻ തീരുമാനിച്ചത്. 600ലധികം പേരുടെ പട്ടയം എഴുതുകയും ചെയ്തു. എന്നാൽ 40 വർഷം മുൻപു കലക്ടറും ഡിഎഫ്ഒയും നടത്തിയ സംയുക്ത വെരിഫിക്കേഷന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാരിൽ സമർപ്പിച്ചിട്ടില്ലെന്ന പേരിലാണു പട്ടയവിതരണം തടസപ്പെട്ടിരിക്കുന്നതെന്നു റവന്യു ഉദ്യോഗസ്ഥർ പറയുന്നു.

ആതുരശുശ്രൂഷ രംഗത്തും പമ്പാവാലി ഏറെ പിന്നിലാണ്. കാളകെട്ടിയിലെ കുടുംബക്ഷേമ ഉപകേന്ദ്രം ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. പ്രവർത്തിക്കുന്നതു വല്ലപ്പോഴും മാത്രവും. കണമലയിലും പാറക്കടവിലും 10 വർഷത്തിനിടെയുണ്ടായ 4 വാഹനാപകടങ്ങളിൽ 46 തീർഥാടകരാണു മരിച്ചത്. നൂറുകണക്കിനു പേർക്കു പരുക്കേൽക്കുകയും ചെയ്തു. മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ 30 കിലോമീറ്റർ അകലെ കാഞ്ഞിരപ്പള്ളിയിൽ എത്തേണ്ട അവസ്ഥയാണിപ്പോൾ.